മരട്: നഗരസഭയിലെ സെർവർ റൂമിൽ സൂക്ഷിച്ചിരുന്ന കമ്പ്യൂട്ടറിന്റെ സി.പി.യു മോഷണം പോയത് സംബന്ധിച്ച് കൗൺസിലിൽ ചർച്ചചെയ്യാൻ അനുവദിക്കാത്തതിനെ തുടർന്ന് എൽ.ഡി.എഫ് അംഗങ്ങൾ കൗൺസിൽ യോഗത്തിൽനിന്ന് ഇറങ്ങിപ്പോയി. കഴിഞ്ഞ ഈസ്റ്റർ രാത്രിയിലാണ് സെക്യൂരിറ്റി ജീവനക്കാരനുപകരം ഡ്യൂട്ടിയിലുണ്ടായിരുന്ന കണ്ടിജന്റ് ജീവനക്കാരൻ സി.പി.യു കടത്തിയത്. നഗരസഭയിലെ വിലപ്പെട്ട വിവരങ്ങൾ സൂക്ഷിച്ചിരുന്ന സെർവർ റൂമിലെ മോഷണം നാലുദിവസം കഴിഞ്ഞാണ് അധികൃതർ അറിഞ്ഞത്. ഇക്കാര്യം കൗൺസിലർമാരിൽ നിന്നും മൂടിവയ്ക്കാൻ നഗരസഭാ ചെയർമാൻ ശ്രമിച്ചു എന്ന് ആരോപിച്ചാണ് കൗൺസിൽ യോഗത്തിൽ എൽ.ഡി.എഫ് അംഗങ്ങൾ ചോദ്യം ചെയ്തത്. വിശദീകരിക്കാൻ ശ്രമിച്ച ചെയർമാനെ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.ഡി.രാജേഷ് തടയുകയും മറ്റ് അജൻഡകൾ പാസാക്കാൻ ആവശ്യപ്പെടുകയും ചെയ്തു. ഇതോടെ എൽ.ഡി.എഫ് കൗൺസിലർമാർ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ചു. നഗരസഭ ആരോഗ്യ വിഭാഗം കഴിഞ്ഞദിവസം ഹോട്ടലുകളിൽ നിന്നും പഴകിയ ഭക്ഷണം പിടിച്ചെടുത്തത് ചെറിയ പിഴ ഈടാക്കി പ്രശ്നം ഒതുക്കി തീർത്തതിനെയും പ്രതിപക്ഷം ചോദ്യം ചെയ്തു. ചോദ്യങ്ങൾക്ക് മറുപടി പറയാതെ ഏകപക്ഷീയമായി അജൻഡകൾ പാസായെന്നു പ്രഖ്യാപിച്ച് കൗൺസിൽ യോഗം പിരിച്ചുവിട്ടതിൽ എൽ.ഡി.എഫ് കൗൺസിലർമാർ നഗരസഭ കവാടത്തിൽ ധർണ നടത്തി. എൽ.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ സി.ആർ.ഷാനവാസ് ഉദ്ഘാടനം ചെയ്തു. ദിഷ പ്രതാപൻ, സി.ടി.സുരേഷ് എന്നിവർ സംസാരിച്ചു.