മരട്: മാലിന്യ സംസ്കരണം ഉൾപ്പെടെ ഒട്ടനവധി ജനോപകാരപ്രദമായ വിഷയങ്ങൾ ചർച്ച ചെയ്യേണ്ടിയിരുന്ന കൗൺസിൽ യോഗത്തിൽ ബാലിശമായ കാര്യങ്ങൾ ഉന്നയിച്ച് എൽ.ഡി.എഫ് കൗൺസിലർമാർ കൗൺസിൽ നടപടി തടസ്സപ്പെടുത്തിയത് നഗരവാസികളോടുള്ള വെല്ലുവിളിയാണെന്ന് മരട് നഗരസഭാ ചെയർമാൻ ആന്റണി ആശാൻപറമ്പിൽ പറഞ്ഞു.
നഗരസഭയിലെ കമ്പ്യൂട്ടർ സി.പി.യു കാണാതായി എന്നറിഞ്ഞയുടൻ തന്നെ അന്വേഷണം ആരംഭിക്കുകയും അടിയന്തര പ്രാധാന്യത്തോടെ തന്നെ കുറ്റക്കാരനെ കണ്ടെത്തുന്നതിനായി മരട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയും അന്വേഷണ വിധേയമായി കുറ്റക്കാരനായി കണ്ടെത്തിയ നഗരസഭയിലെ കണ്ടിജന്റ്സ് ജീവനക്കാരനെ സസ്പെന്റ് ചെയ്യുകയും ചെയ്തു. നഗരസഭയിലെ ആരോഗ്യ വിഭാഗം നടത്തിയ ഹോട്ടൽ പരിശോധനയിൽ കണ്ടെത്തിയ കുറ്റക്കാർക്കെതിരെ ഉചിതമായ പിഴ, ലൈസൻസ് റദ്ദാക്കൽ ഉൾപ്പെടെയുള്ള കർശന നടപടികൾ സ്വീകരിച്ചു വരികയാണെന്നും ചെയർമാൻ അറിയിച്ചു.