കൊച്ചി: കെ-റെയിൽ കേരളത്തെ വിൽക്കുന്ന കമ്മിഷൻ റെയിലാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. കേരളത്തെ പാരിസ്ഥിതികമായും സാമ്പത്തികമായും തകർക്കുന്ന കെ- റെയിൽ നടപ്പാക്കാൻ ശ്രമിക്കുന്നത് കമ്മിഷനോടുള്ള ആർത്തികൊണ്ട് മാത്രമാണെന്നും സതീശൻ പറഞ്ഞു. 'കെ-റെയിൽ വേഗതയല്ല വേദനമാത്രം' എന്ന മുദ്രാവാക്യവുമായി സംസ്‌കാരസാഹിതി സാംസ്‌കാരിക യാത്രയ്ക്ക് കൊറ്റങ്കാവിൽ നൽകിയ സ്വീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാധാരണക്കാരന്റെ പൊതുഗതാഗത സംവിധാനമായ കെ.എസ്.ആർ.ടി.സിയെ രക്ഷിക്കാൻ 2000 കോടി രൂപ ചെലവാക്കാൻ മെനക്കെടാത്ത സർക്കാരാണ് കെ. റെയിലിനുവേണ്ടി 2 ലക്ഷംകോടി ചെലവിടുമെന്ന് പറയുന്നതെന്ന് സതീശൻ പരിഹസിച്ചു.
സംസ്‌കാരസാഹിതി ചെയർമാൻ ആര്യാടൻ ഷൗക്കത്ത് മുഖ്യപ്രഭാഷണം നടത്തി. ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അദ്ധ്യക്ഷത വഹിച്ചു. തിരുവഞ്ചൂർ രാധാകൃഷ്ണൻ, ബെന്നി ബെഹനാൻ എം.പി, കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി മുൻ എം.പി ഫ്രാൻസിസ് ജോർജ്, കെ.പി.സി.സി വൈസ് പ്രസിഡന്റ് കെ.പി. ധനപാലൻ, മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തർ എം.പി, ബാലകൃഷ്ണൻ പേരിയ, ഇബ്രാഹിം, സാംസ്‌കാരസാഹിതി ജനറൽ കൺവീനർ എൻ.വി. പ്രദീപ്കുമാർ, അഡ്വ. അശോകൻ, പഴകുളം മധു, എം.എം. നസീർ, എം.ജെ. ജോബ് എന്നിവർ പ്രസംഗിച്ചു.