hotel
തിരുവാണിയൂരിലെ ഹോട്ടലിൽ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നു

തിരുവാണിയൂരിലെ ഹോട്ടലിലെ അടുക്കളയിൽ എലികളാണ് പ്രധാനതാരം. എലിപ്പൊത്തുകളും കാഷ്ഠവും നിറഞ്ഞ അടുക്കളയാണ് പരിശോധകർക്ക് കാണാനായത്.

കോലഞ്ചേരി: ഇവരൊക്കെ ഇനി എന്ന് നന്നാവും.... സംസ്ഥാനമൊട്ടാകെ ആരോഗ്യവിഭാഗം പരിശോധന വ്യാപിപ്പിക്കുമ്പോഴും "തല്ലണ്ടമ്മാവാ ഞങ്ങൾ നന്നാകില്ല" എന്ന നിലപാടിലാണ് ഗ്രാമീണ മേഖലകളിലെ ചില ഹോട്ടലുകളും ബേക്കറികളും. തിരുവാണിയൂരിൽ സമാന രീതിയിൽ പ്രവർത്തിക്കുന്ന വിവിധ സ്ഥാപനങ്ങളിൽ 'ഹെൽത്തി കേരള ' മിന്നൽ പരിശോധനയുടെ ഭാഗമായി പരിശോധന നടത്തി. തിരുവാണിയൂർ ആരോഗ്യവിഭാഗം നടത്തിയ മിന്നൽ പരിശോധനയിൽ പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിലെ അഞ്ച് സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുത്തു. തിരുവാണിയൂർ ടൗൺ, വണ്ടിപ്പേട്ട, മാമല, മ​റ്റക്കുഴി, പുത്തൻകുരിശ് എന്നിവിടങ്ങളിലായി 32 സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്.

കാലഹരണപ്പെട്ട ലൈസൻസുമായി പ്രവർത്തിക്കുക, അടുക്കളയിൽനിന്ന് ആഴ്ചകളായി മാലിന്യങ്ങൾ നീക്കം ചെയ്യാതിരിക്കുക, രോഗപകർച്ചയ്ക്കിടയാക്കുന്ന തരത്തിൽ ഭക്ഷണം കൈകാര്യം ചെയ്യുക, ഹെൽത്ത് കാർഡില്ലാത്ത ജീവനക്കാരെക്കൊണ്ട് ഭക്ഷണം കൈകാര്യം ചെയ്യിക്കുക എന്നീ കുറ്റങ്ങൾക്ക് അഡോറ ഹോട്ടൽ കൊച്ചങ്ങാടി, കറിച്ചട്ടി ഹോട്ടൽ വണ്ടിപ്പേട്ട, അലീന ഹോട്ടൽ പണിക്കരുപടി, സൂര്യ ടീഷോപ്പ് മാമല എന്നിവക്ക് നോട്ടീസ് നൽകി.രോഗാണു സംക്രമണത്തിന് ഇടയാക്കുന്ന തരത്തിൽ സുരക്ഷിതമല്ലാത്ത സാഹചര്യത്തിൽ ഷവർമ്മ നിർമ്മാണം നടത്തിവന്ന തിരുവാണിയൂരിലെ ഹൗസ് ഓഫ് ഗ്രിൽസ് എന്ന സ്ഥാപനത്തിലെ ഷവർമ്മ നിർമ്മാണം വിലക്കി. ഇവിടെനിന്ന് മാലിന്യം കലരാവുന്ന രീതിയിൽ തുറസായി സൂക്ഷിച്ചിരുന്ന എട്ടുകിലോ ഷവർമ്മ, പുത്തൻകുരിശിലെ ബേക്കറിയിൽ നിന്ന് മാംസം വറുക്കുന്നതിനായി സൂക്ഷിച്ചിരുന്ന അഞ്ചുലി​റ്റർ കരിഞ്ഞഎണ്ണ എന്നിവ ഉദ്യോഗസ്ഥർ പിടിച്ചെടുത്ത് സ്ഥാപനഉടമകളുടെ ചുമതലയിൽ നശിപ്പിച്ചു.

തിരുവാണിയൂർ ഹെൽത്ത് ഇൻസ്‌പെക്ടർ കെ. കെ. സജിയുടെ നേതൃത്വത്തിൽ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ടി.എസ്. അജനിഷ്, പബ്ലിക് ഹെൽത്ത് നഴ്‌സ് വി. കെ. സൂസി എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്. ആവർത്തിച്ചുള്ള പരിശോധനകൾക്കും ബോധവത്കരണങ്ങൾക്കും ശേഷവും നിരുത്തരവാദപരമായി പ്രവർത്തിക്കുന്ന ഭക്ഷണശാലകൾക്കെതിരെ കർശനനടപടിയുണ്ടാകുമെന്ന് മെഡിക്കൽ ഓഫീസർ ഡോ. എം. രാജലക്ഷ്മി അറിയിച്ചു.

പാചകജീവനക്കാർ ഓടി

ഉദ്യോഗസ്ഥർ പരിശോധനയ്‌ക്കെത്തിയപ്പോൾ തിരുവാണിയൂർ കൊച്ചങ്ങാടിയിലെ ഹോട്ടലിന്റെ അടുക്കളയിൽനിന്ന് അഞ്ച് ജീവനക്കാർ ഉദ്യോഗസ്ഥരുടെ കണ്ണ് വെട്ടിച്ച് ഇറങ്ങിഓടി. ഹെൽത്ത് കാർഡില്ലാത്ത ജീവനക്കാരായിരുന്നു ഇവരെന്ന് അന്വേഷണത്തിൽ കണ്ടെത്തി.