കളമശേരി: നഗരസഭയിലെ വാർഡ് 11 ൽ എച്ച്.എം.ടി പോസ്റ്റ് ഓഫീസിന് സമീപമുള്ള പൈപ്പ് ലൈൻ റോഡ് മഴയിൽ തകർന്ന് കരിങ്കൽ ഭിത്തി ഇടിഞ്ഞു. റോഡ് തകർന്ന് സഞ്ചാരയോഗ്യമല്ലാത്ത സ്ഥിതിയാണ്. റോഡ് പുനർനിർമ്മാണത്തിനായി കളമശേരി നഗരസഭ കൗൺസിൽ യോഗം എസ്റ്റിമേറ്റ് പാസാക്കിയതാണെങ്കിലും വാട്ടർ അതോറിട്ടിയുടെ എൻ.ഒ.സി ലഭിക്കാതിരുന്നതിനാൽ പണി നടത്താൻ കഴിഞ്ഞില്ലെന്ന് കൗൺസിലർ ബഷീർ അയ്യമ്പ്രാത്ത് പറഞ്ഞു.

അരനൂറ്റാണ്ട് പഴക്കമുള്ള വാട്ടർ അതോറിട്ടിയുടെ റോഡാണിത്. 4 അടി വ്യാസമുള്ള 4 പൈപ്പുകളിലായി ആലുവ പെരിയാറിൽ നിന്ന് കൊച്ചി നഗരത്തിലേക്ക് കുടിവെള്ളം എത്തിക്കുന്നതിനുള്ള റോഡാണിത്. പൈപ്പുകൾക്ക് അറ്റകുറ്റപണികൾ വന്നാൽ വാട്ടർ അതോറിട്ടിയുടെ വാഹനങ്ങൾക്ക് സുഗമമായി എത്തിച്ചേരാൻ നിർമ്മിച്ചതാണ്.

സമീപവാസികൾക്ക് സഞ്ചാരം അനുവദിച്ചിട്ടുണ്ട്. കെ.എസ്.ആർ.ടി.സി സർവ്വീസ് നടത്തുന്ന റോഡാണ്. ടൺ കണക്കിന് ഭാരം കയറ്റിയ വാഹനങ്ങൾ ഇതുവഴി സഞ്ചരിക്കുന്നതിനാൽ ജലവിതരണ കുഴലിന്റെ വിളക്കിചേർത്തഭാഗങ്ങൾക്ക് വിള്ളൽ വരുത്തുന്നതിനും റോഡിന് കേടുപാടുകൾ വരുത്തുന്നതിനും ഇടയാകുകയാണ്. വലിയ വാഹനങ്ങൾ സഞ്ചരിക്കാതിരിക്കാൻ സ്ഥാപിച്ചിരുന്ന അറിയിപ്പ് ബോർഡുകളും സാമൂഹ്യവിരുദ്ധർ നശിപ്പിച്ചിരിക്കുകയാണ്.