കുറുപ്പംപടി: കുറുപ്പംപടി മേഖലയിൽ ഭക്ഷ്യസുരക്ഷവിഭാഗം നടത്തുന്ന പരിശോധനകൾ പ്രഹസനം മാത്രമാണെന്ന് ആരോപണം. പഴകിയ ഭക്ഷണസാധനങ്ങളാണ് പലേടത്തും വില്പന നടത്തുന്നത്. അടുത്തദിവസങ്ങളിൽ അൽഫാം കഴിച്ച് രണ്ടുപേർക്ക് അസ്വസ്ഥതകൾ ഉണ്ടായത് സ്ഥാപന ഉടമയെ അറിയിച്ചതിനെത്തുടർന്ന് സംഭവം ഒതുക്കിത്തീർത്തു. സർക്കാർ നിർദ്ദേശങ്ങൾ നടപ്പിലാക്കുന്നതിനുവേണ്ടി നല്ല നിലയിൽ പ്രവർത്തിക്കുന്ന ചെറുകിട ഹോട്ടലുകൾ മാത്രം പരിശോധന നടത്തുകയും വൻകിട ഹോട്ടലുകൾ ഒഴിവാക്കിക്കൊണ്ടുള്ള പരിശോധനകളാണ് കുറുപ്പംപടി മേഖലയിൽ നടക്കുന്നതെന്ന് ചെറുകിട വ്യാപാരികൾ പറയുന്നു.
മാർക്കറ്റിലും വഴിയോരങ്ങളിലും വിൽക്കുന്ന മത്സ്യങ്ങളിൽ മനുഷ്യജീവനുതന്നെ ഹാനികരമാകുന്ന രീതിയിലുള്ള രാസപദാർത്ഥങ്ങളാണ് അഴുകാതെ സൂക്ഷിക്കുവാൻ ഉപയോഗിക്കുന്നത്. മത്സ്യം കൂട്ടിയിട്ടശേഷം ഇത്തരം കെമിക്കലുകൾ ബക്കറ്റുകളിൽ കലക്കി ഒഴിക്കുകയാണ് പതിവെന്നാണ് ആരോപണം. അധികൃതർ ഇതൊന്നും കണ്ടമട്ട് നടിക്കുന്നേയില്ല.