അങ്കമാലി: നഗരസഭ താലൂക്ക് ആശുപത്രിയിൽ ആരംഭിച്ച മദർ ആൻഡ് ചൈൽഡ്‌വാർഡ്, ലേബർറൂം എന്നിവയോട് അനുബന്ധിച്ച് നിർമ്മിച്ചിരിക്കുന്ന ഓപ്പറേഷൻ തിയേറ്ററിൽ ആദ്യമായി സിസേറിയനിലൂടെ പെൺകുഞ്ഞിന് ജന്മം നൽകി. മങ്ങാട്ടുകര സ്വദേശിനിയുടെ രണ്ടാമത്തെ കുട്ടിയാണ് ജനിച്ചത്. ആധുനിക സൗകര്യങ്ങളോടുകൂടിയ മാതൃശിശു പരിചരണ വിഭാഗവും ഓപ്പറേഷൻ തിയേറ്ററുമാണ് സജ്ജമാക്കിയിട്ടുള്ളത്. നഗരസഭ ചെയർമാൻ റെജി മാത്യുവിന്റെ നേതൃത്വത്തിൽ വൈസ്ചെയർപേഴ്സൺ റീത്ത പോൾ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ സാജു നെടുങ്ങാടൻ, ബാസ്റ്റിൻ ഡി. പാറയ്ക്കൽ, കൗൺസിലർമാരായ ജിത ഷിജോയ്, ലേഖ മധു, ഡോ.ബിന്ദു എന്നിവർ ചേർന്ന് മധുരം വിതരണം ചെയ്തു.