കൊച്ചി: ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾക്കെതിരെ പ്രിൻസിപ്പൽമാർ സ്വീകരിക്കുന്ന അച്ചടക്ക നടപടികൾ റദ്ദാക്കാനോ പരിഷ്‌കരിക്കാനോ എം.ജി സർവകലാശാലയിലെ വിദ്യാർത്ഥികളുടെ പരാതി പരിഗണിക്കുന്ന ബോർഡ് ഒഫ് അഡ്‌ജുഡിക്കേഷന് അധികാരമില്ലെന്ന് ഹൈക്കോടതി. അച്ചടക്ക നടപടികളിൽ ബോർഡ് ഒഫ് അഡ്‌ജുഡിക്കേഷൻ ഇടപെടുന്നതിനെതിരെ അരുവിത്തുറ സെന്റ് ജോർജ്ജ് കോളേജ് മാനേജരടക്കം വിവിധ ന്യൂനപക്ഷ സ്ഥാപനങ്ങളിലെ മാനേജ്‌മെന്റുകൾ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് രാജ വിജയരാഘവന്റെ വിധി.
ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രിൻസിപ്പൽമാർ സ്വീകരിക്കുന്ന അച്ചടക്ക നടപടികൾ റദ്ദാക്കാനും ഭേദഗതി ചെയ്യാനും ബോർഡ് ഒഫ് അഡ്‌ജുഡിക്കേഷന് അധികാരം നൽകുന്ന എം.ജി സർവകലാശാലാ വിദ്യാർത്ഥി പെരുമാറ്റച്ചട്ടത്തിലെ വ്യവസ്ഥ ഹൈക്കോടതി അസാധുവാക്കി. എന്നാൽ ബോർഡ് ഇതുവരെ സ്വീകരിച്ച നടപടികൾ ഇതിന്റെ പേരിൽ റദ്ദാവില്ല. ബോർഡ് ഒഫ് അഡ്‌ജുഡിക്കേഷന് അച്ചടക്ക നടപടി നിയമപരമാണോയെന്നു പരിശോധിക്കാനേ അധികാരമുള്ളൂ. നടപടി നിയമപരമല്ലെന്നു കണ്ടാൽ അംഗീകാരം നൽകാതിരിക്കാം. റദ്ദാക്കാനോ ഭേദഗതി വരുത്താനോ അധികാരമില്ല. അതേസമയം വിദ്യാർത്ഥികളുടെ അച്ചടക്കം ഉറപ്പാക്കാൻ ഓർഡിനൻസ് കൊണ്ടുവരാൻ എം.ജി സർവകലാശാലയ്ക്ക് കഴിയുമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.