കൊച്ചി: ചില്ലറയൊന്നുമല്ല കേരളത്തിന്റെ ഫുട്ബാൾ ആവേശം. തിങ്ങിനിറഞ്ഞ കേരളത്തിന്റെ മൈതാനങ്ങൾ കണ്ട് വിദേശ താരങ്ങൾ മുതൽ ലാലിഗ മേധാവികൾ വരെ ആശ്ചര്യപ്പെടുകയാണ്. സ്പാനിഷ് ലീഗ് കാഴ്ചക്കാരിൽ കേരളം മുന്നിലെത്തിയതിൽ അത്ഭുതപ്പെടാനില്ലെന്ന് പറയുന്ന ലാലിഗ ഇന്ത്യ മാനേജിംഗ് ഡറക്ടർ ഹോസെ അന്റോണിയോ യൂറോപ്യൻ ലീഗുകളെക്കുറിച്ചും രാജ്യത്തെ ഫുട്ബാൾ വളർച്ചയെക്കുറിച്ചും കേരളകൗമുദിയോടെ സംസാരിക്കുന്നു.
• എന്തുകൊണ്ട് ക്രിക്കറ്റ് വഴി ?
ഇന്ത്യയിൽ 85 ശതമാനം ക്രിക്കറ്റ് ആരാധകരാണ്. 15 ശതമാനം മാത്രമേ ഫുട്ബാളിനുള്ളൂ. സച്ചിനുൾപ്പെടെ ക്രിക്കറ്ര് താരങ്ങളെ ഏറെ ആരാധനയോടെയാണ് ഇന്ത്യക്കാർ കാണുന്നത്. ക്രിക്കറ്ര് വഴി ഫുട്ബാളിന്റെ പ്രചാരണം വർദ്ധിപ്പിക്കുകയാണ് ലക്ഷ്യം. ഇന്ത്യൻ നായകൻ റോഹിത് ശർമ്മയാണ് ലാലിഗ ബ്രാൻഡ് അംബാസിഡർ.
• വനിതാ ഫുട്ബാളിന്റെ പ്രസക്തി ?
യൂറോപ്യൻ രാജ്യങ്ങളിൽ വനിതാ ഫുട്ബാൾ താരങ്ങളെ വളർത്തുകയാണ്. നിരവധി മത്സരങ്ങൾ നടത്തുന്നു. വമ്പൻ ക്ലബ്ബുകൾ ഇത്തരം പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുകയാണ്. ഇന്ത്യയിലും ലാലിഗ ഇത്തരം പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്.
• വീണ്ടും തുറക്കില്ലേ അക്കാഡമികൾ ?
ലാലിഗ ഇന്ത്യയിൽ വന്നതിന് പിന്നിലെ രാജ്യത്ത് മുപ്പതിലധികം അക്കാഡമികൾ ആരംഭിച്ചിരുന്നു. എന്നാൽ കൊവിഡ് വ്യാപനത്തിന് പിന്നാലെ ഇവയെല്ലാം പൂട്ടേണ്ടിവന്നു. വീണ്ടും പുനരാരംഭിക്കാനുള്ള ചുവടുവയ്പുകൾ നടത്തുകയാണ് ലാലിഗ.
• ക്ഷീണിപ്പിച്ചോ താരങ്ങളുടെ പോക്ക് ?
സൂപ്പർ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാൾഡോയും മെസിയും കൂടുമാറിയത് തുടക്കത്തിൽ ബാധിച്ചു. പിന്നീട് അതിൽ നിന്നെല്ലാം കരകയറി. ഇപ്പോൾ പഴയതുപോലെ സ്പാനിഷ് ലീഗ് മത്സരങ്ങൾക്ക് പ്രേക്ഷകർ ഏറെയുണ്ട്. ഒരുപിടി മികച്ച താരങ്ങളുമുണ്ട്.
• ബാഴ്സയും റയലും എന്ന് വരും ?
സ്പാനിഷ് ലീഗ് സൂപ്പർ ടീമുകൾ ഉടനെയൊന്നും ഇന്ത്യ സന്ദർശിക്കില്ല. എന്നിരുന്നാലും അടുത്ത വർഷത്തോടെ സന്നാഹ മത്സരങ്ങൾക്ക് ആലോചനയുണ്ട്. സാമ്പത്തിക ചെലവാണ് ഇന്ത്യ സന്ദർശനം നീണ്ടുപോകാൻ കാരണം. വമ്പൻ ടീമിന്റെ ഒരു മത്സരത്തിന്റെ മാത്രം ചെലവ് 40 കോടി വരും.