കുറുപ്പംപടി: രായമംഗലം ഗ്രാമപഞ്ചായത്ത് പതിനേഴാം വാർഡിൽ ഡെങ്കിപ്പനി പടർന്നു പിടിക്കുന്നു. അന്യ സംസ്ഥാന തൊഴിലാളികളുടെ താമസ സ്ഥലങ്ങളിൽ മാലിന്യങ്ങൾ ശരിയായവിധത്തിൽ സംസ്കരിക്കാത്തതാണ് കൊതുക് പെരുകുന്നതിന് മുഖ്യകാരണമെന്നാണ് പ്രദേശവാസികളുടെ ആരോപണം. ഇതുവരെ ഇവിടെ 7പേർക്ക് ഡെങ്കിപ്പനി ബാധിച്ചു. പഞ്ചായത്തിന്റെയും ആരോഗ്യ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തിൽ മൂന്നുതവണ കൊതുകിന്റെ ഉറവിട നശീകരണവും ഒരു റൗണ്ട് ഫോഗിംഗും നടത്തി. പഞ്ചായത്ത് പ്രസിഡന്റ് എൻ.പി. അജയകുമാർ, മെമ്പർ രാജി ബിജു, ബ്ലോക്ക് മെമ്പർമാരായ അംബിക മുരളീധരൻ, ബീന ഗോപിനാഥ്, മെമ്പർ ടിൻസിബാബു, ആരോഗ്യ പ്രവർത്തകർ, ആശാ വർക്കർമാർ, കുടുംബശ്രീ അംഗങ്ങൾ എന്നിവർ പ്രവർത്തനങ്ങൾ വിലയിരുത്തി.
ശ്രദ്ധിക്കണം
ഡെങ്കിപ്പനി പടർത്തുന്ന ഈഡിസ് കൊതുകുകളുടെ ഉറവിടം നശിപ്പിക്കുന്നതിന് എല്ലാ വീട്ടുകാരും സഹകരിക്കണം. വീടിന്റെ പരിസരം വൃത്തിയായി സൂക്ഷിക്കണം. ചിരട്ട, പ്ലാസ്റ്റിക് പാത്രങ്ങൾ, ഷീറ്റുകൾ, റബ്ബർ ചിരട്ടകൾ, മരത്തിന്റെ പൊത്തുകൾ, ഫ്രിഡ്ജിന്റെ ട്രേ, സൺഷേഡ്, മുട്ടത്തോട്, വെള്ളം പിടിച്ചുവയ്ക്കുന്ന പാത്രങ്ങൾ തുടങ്ങിയവയിൽ വെള്ളം കെട്ടിനിന്ന് കൊതുക് പെരുകുന്ന സാഹചര്യം ഒഴിവാക്കണം. പനി ഉണ്ടെങ്കിൽ ഉടനെ ആരോഗ്യകേന്ദ്രത്തിലെത്തി ഡോക്ടറെക്കണ്ട് ചികിത്സതേടണം.