
കൊച്ചി: തൃക്കാക്കരയിൽ വിജയിക്കുന്നത് ആരായാലും ജീവിതപ്രശ്നങ്ങളിൽ നടപടി സ്വീകരിക്കണമെന്നാണ് സ്ത്രീ സമ്മതിദായകരുടെ ആവശ്യം. തൃക്കാക്കരയിൽ ആദ്യമായി സ്ത്രീ മത്സരിക്കുന്നത് പ്രതീക്ഷയാണ് വനിതാ വോട്ടർമാർക്ക്.
യാത്രാക്ളേശം, താമസസൗകര്യങ്ങളുടെ അപര്യാപ്തത, സുരക്ഷിതത്വം തുടങ്ങി ദൈംദിന ജീവിതത്തിന് വെല്ലുവിളിയായ പ്രശ്നങ്ങളിൽ പുതിയ എം.എൽ.എയുടെ ഇടപെടൽ ഉണ്ടാകണമെന്ന് അവർ ആഗ്രഹിക്കുന്നു.
വൈകിട്ട് ഏഴു കഴിഞ്ഞാൽ നഗരത്തിൽ നിന്ന് കാക്കനാട്ടേക്കും തിരിച്ചും യാത്രാസൗകര്യമില്ലെന്ന് പണ്ടേ പരാതിയുണ്ട്. കൊവിഡ് കാലം കഴിഞ്ഞതോടെ യാത്രാദുരിതം ഇരട്ടിച്ചു. ഹോസ്റ്റലുകളുടെ കുറവ്, ഉയർന്ന വാടക തുടങ്ങി പ്രശ്നങ്ങളുടെ പട്ടിക നീളുകയാണ്.
കെ - റെയിൽ വരണം
2004 ലാണ് ഇൻഫോപാർക്ക് പ്രവർത്തനം ആരംഭിച്ചത്. തൊട്ടടുത്ത വർഷം ഞാൻ ജോലിക്കെത്തി. അന്നും റോഡുണ്ട്. അതിനു പിന്നിലൂടെ എക്സ്‌പ്രസ് ഹൈവേ വന്നതാണ് ഏകമാറ്റം. യാത്രാസൗകര്യക്കുറവാണ് ടെക്കികൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം. സ്വന്തം വാഹനമില്ലെങ്കിൽ കുരുങ്ങിയതു തന്നെ. ഞങ്ങളൊക്കെ കാർ പൂളിംഗുകൊണ്ടാണ് പിടിച്ചുനിൽക്കുന്നത്. വൈകിട്ട് ആറു കഴിഞ്ഞാൽ യാത്രാ സൗകര്യമില്ല. 45,000 ത്തോളം പേരാണ് ഇവിടെ ജോലി ചെയ്യുന്നത്. പകുതിയും സ്ത്രീകളാണ്. അധികൃതർക്ക് പരാതികൾ നൽകിയെങ്കിലും യാതൊരു മാറ്റവുമുണ്ടായില്ല. കെ - റെയിൽ ഉൾപ്പെടെ ഗതാഗതസൗകര്യങ്ങൾ തൃക്കാക്കരയിലും എത്തണം.
ദീപ രാജേഷ്
പ്രിൻസിപ്പൽ ടെക്നിക്കൽ ലീഡ്
യു.വി.ജെ ടെക്നോളജീസ്
എം.എൽ.എ- പൊലിസ് അലർട്ട് അലാം വേണം
സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ വർദ്ധിക്കുകയാണ്. ഫ്ളാറ്റുകളിൽ സ്ത്രീകളെ പൂട്ടിയിടുന്ന സംഭവങ്ങൾ വരെയുണ്ട്. ഇത്തരം പരാതികളെ പൊലീസ് ലാഘവത്തോടൊണ് സമീപിക്കുന്നത്. എം.എൽ.എയുടെ ഫലപ്രദമായ ഇടപെടൽ കാര്യങ്ങളിൽ മാറ്റം വരുത്തും. എം.എൽ.എ- പൊലിസ് അലർട്ട് അലാം പോലെയുള്ള നൂതന സംവിധാനങ്ങൾ ഇതിനായി ആവിഷ്കരിക്കണം. വിളിച്ചാൽ വിളിപ്പുറത്തുണ്ടാകുന്ന ആളാകണം ജനപ്രതിനിധി.
ബീന സെബാസ്റ്റ്യൻ
അദ്ധ്യക്ഷ
കൾച്ചറൽ അക്കാഡമി ഫോർ പീസ് അദ്ധ്യക്ഷ