കോലഞ്ചേരി: ഫാ. ഡേവിസ് ചിറമേൽ ചാരിറ്റബിൾ ട്രസ്റ്റും മലങ്കര ഓർത്തഡോക്‌സ് സഭ കണ്ടനാട് വെസ്റ്റ് ഭദ്രാസനത്തിലെ മാർ പക്കോമിയോസ് ചാരിറ്റബിൾ സൊസൈറ്റിയും സംയുക്തമായി കേരളത്തിലെ അഗതിമന്ദിരങ്ങളിൽ ഭക്ഷ്യവസ്തുക്കൾ നൽകുന്ന 'പ്രണാമം' പദ്ധതിക്ക് ഇന്ന് തുടക്കം കുറിക്കും. വൈകിട്ട് 6ന് കോലഞ്ചേരി കാതോലിക്കേറ്റ് സെന്ററിൽ 'വിശക്കുന്നവനെ തേടി വിശപ്പകറ്റുന്നവന്റെ യാത്ര'യുടെ ഫ്‌ളാഗ് ഓഫ് ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ നിർവഹിക്കും. ഫാ. ഡേവിസ് ചിറമേൽ മുഖ്യസന്ദേശം നൽകും. മാർ പക്കോമിയോസ് ചാരിറ്റബിൾ സൊസൈറ്റിയുടെ പതിനെട്ടാമത്തെ ജീവകാരുണ്യ പദ്ധതിയാണിത്. ഈ മേഖലയിൽ അമൂല്യമായ സംഭാവനകൾ നൽകുന്ന പ്രസ്ഥാനമാണ് ഫാ. ഡേവിസ് ചിറമേൽ ചാരിറ്റബിൾട്രസ്റ്റ്. സമൂഹത്തിൽ ദുരിതമനുഭവിക്കുന്ന കൂടുതൽ പേർക്ക് ഇരു പ്രസ്ഥാനങ്ങളും കൈകോർക്കുന്നതിലൂടെ പ്രയോജനം ലഭ്യമാക്കുകയാണ് ലക്ഷ്യം.