കൊച്ചി: നഗരത്തിന്റെ വിവിധ പ്രദേശങ്ങളിൽ ഡെങ്കിപ്പനി പടരുന്നുവെന്ന് ആരോഗ്യ വകുപ്പ്. കൊച്ചി നഗരസഭാ പ്രദേശങ്ങളായ ഇടക്കൊച്ചി, തമ്മനം, പച്ചാളം, എളമക്കര സൗത്ത് എന്നിവിടങ്ങളിലും തൃക്കാക്കര, കുന്നത്തുനാട് എന്നിവിടങ്ങളിലുമാണ് ഡെങ്കിപ്പനി കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്തത്. ജില്ലയിലാകെ ഈവർഷം 210 പേർക്ക് ഡെങ്കി റിപ്പോർട്ട് ചെയ്തു. 526 സംശയിക്കുന്ന ഡെങ്കിപ്പനി കേസുകളും അഞ്ച് ഡെങ്കിപ്പനി മരണങ്ങളുമുണ്ടായി.
കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ നിയമനടപടികൾ ഉൾപ്പടെ കർശന മുൻകരുതൽ സ്വീകരിക്കുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.വി. ജയശ്രീ അറിയിച്ചു. വീടുകളിലും, സ്ഥാപനങ്ങളുടെ പരിസരത്തും കൊതുകു വളരുന്ന സാഹചര്യം കണ്ടെത്തിയാൽ പൊതുജനാരോഗ്യ നിയമപ്രകാരമുള്ള പിഴ ഈടാക്കും. വരും ദിവസങ്ങളിൽ പരിശോധന കർശനമാക്കും.
ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്യപ്പെടുന്ന സ്ഥലങ്ങളിൽ വീടുകൾ, ഫ്ളാറ്റുകൾ , സ്ഥാപനങ്ങൾ എന്നിവ കേന്ദ്രീകരിച്ച് രോഗനിയന്ത്രണ പ്രവർത്തനങ്ങൾ ശക്തമാക്കിയിട്ടുണ്ടെന്നും ഡി.എം.ഒ അറിയിച്ചു.
തൃക്കാക്കരയിൽ രൂക്ഷം
തൃക്കാക്കര നഗരസഭയുടെ കിഴക്കൻ മേഖലയിലാണ് ആദ്യം പനി പടർന്നത്. പിന്നീട് തെക്ക് -പടിഞ്ഞാറ് മേഖലകളിലേക്കും വ്യാപിച്ചു. കഴിഞ്ഞ ദിവസം ചെയർപേഴ്‌സൻ അജിത തങ്കപ്പന്റെ മകൻ അടക്കം രണ്ടു പേർ ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലിരിക്കെ മരണമടഞ്ഞിരുന്നു. ഇന്നലെ വരെ 67 പേർക്ക് പനി ബാധിച്ചു. സ്വകാര്യ ആശുപത്രിയിലെ കണക്കുകൾ ലഭ്യമല്ല.
ലക്ഷണങ്ങൾ
പനിയോടൊപ്പം തലവേദന, കണ്ണിനു പുറകിൽ വേദന, പേശിവേദന, സന്ധിവേദന, തുടർച്ചയായ ഛർദ്ദി എന്നിവ പ്രധാന ലക്ഷണങ്ങൾ.
വയറുവേദന, ശരീരഭാഗങ്ങളിൽ നിന്നും രക്തസ്രാവം, പെട്ടെന്നുണ്ടാകുന്ന ശ്വാസംമുട്ട്, ശരീരം ചുവന്ന് തടിക്കൽ, ശരീരം തണുത്ത് മരവിക്കുക , തളർച്ച, രക്തസമ്മർദ്ദം വല്ലാതെ താഴുക, കുട്ടികളിൽ തുടർച്ചയായ കരച്ചിൽ തുടങ്ങിയവയും ഡെങ്കിപ്പനിയുടെ അപായസൂചനകളാണ്.
കരുതൽ അനിവാര്യം
രോഗലക്ഷണങ്ങൾ പ്രകടമായാൽ സ്വയം ചികിത്സക്ക് മുതിരാതെ എത്രയും പെട്ടെന്ന് തൊട്ടടുത്ത ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടണം
ഡെങ്കിപ്പനി മാറിയാലും മൂന്നു നാലു ദിവസം കൂടി സമ്പൂർണ്ണ വിശ്രമം തുടരണം.
ഉപ്പിട്ട കഞ്ഞി വെള്ളം, കരിക്കിൻ വെള്ളം തുടങ്ങി ധാരാളം പാനീയങ്ങൾ കുടിക്കണം.
കൊതുകിനെ തുരത്തണം. ഈഡിസ് കൊതുകിന്റെ നിയന്ത്രണം പ്രധാനം. ആഴ്ച തോറും വീടും, ചുറ്റുപാടും, സ്ഥാപനങ്ങളും നിരീക്ഷിച്ച് കൊതുക് വളരാനിടയുള്ള സാഹചര്യങ്ങൾ ഇല്ലാതാക്കണം.
ഉറവിടനശീകരണ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കണം