ആലുവ: ആലുവയിൽ ആരോഗ്യവിഭാഗത്തിന്റെ മിന്നൽ പരിശോധന രണ്ടാംദിവസവും തുടർന്നു. ബാറുകളും വൻകിട ഹോട്ടലുകളും കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ അഞ്ചിടത്തുനിന്ന് വൃത്തിഹീനമായ അന്തരീക്ഷത്തിൽ പാചകം ചെയ്തതും പഴകിയതും ഉപയോഗശൂന്യവുമായ ഭക്ഷണപദാർത്ഥങ്ങൾ പിടിച്ചെടുത്തു.

പഴകിയ ഭക്ഷണം പിടികൂടിയവയിൽ നാലെണ്ണം ബാർഹോട്ടലുകളും ഒന്ന് സാധാരണ ഹോട്ടലുമാണ്. സിറ്റി ഇൻ ഹോട്ടൽ, നവരത്ന, പ്രീമിയർ, കവല കാസ്റ്റിൻ എന്നീ ബാർഹോട്ടലുകളിലും പുളിഞ്ചോട് കവലയിലുള്ള സൂര്യ ഹോട്ടലിൽ നിന്നുമാണ് പഴകിയ ഭക്ഷണം പിടിച്ചത്. എല്ലാ സ്ഥാപനങ്ങൾക്കും നോട്ടീസ് നൽകുകയും പിഴചുമത്തുകയും ചെയ്തു. വരുംദിവസങ്ങളിലും പരിശോധന തുടരും. വീഴ്ച വരുത്തുന്ന സ്ഥാപനങ്ങൾക്കെതിരെ ലൈസൻസ് റദ്ദാക്കുന്നത് ഉൾപ്പെടെയുളള കർശന നടപടി സ്വീകരിക്കാനാണ് നഗരസഭയുടെ തീരുമാനം.

ചൊവ്വാഴ്ച്ച നഗരസഭ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിൽ വൃത്തിഹീനമായ അന്തരീക്ഷത്തിൽ പ്രവർത്തിച്ച അഞ്ച് ഹോട്ടലുകൾ പൂട്ടിക്കുകയും മറ്റ് എട്ട് ഹോട്ടലുകളിൽനിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുക്കുകയും ചെയ്തിരുന്നു. 5,000 രൂപമുതൽ 25,000 രൂപവരെ പിഴ ഈടാക്കുമെന്നും സെക്രട്ടറി അറിയിച്ചിരുന്നു. ചെറുകിട ഹോട്ടലുകളിൽ മാത്രം പരിശോധന നടത്തി പിഴ ചുമത്തിയെന്ന ആക്ഷേപം ഉയർന്ന പശ്ചാത്തലത്തിലാണ് ഇന്നലെ ബാറുകൾ ഉൾപ്പെടുന്ന ഹോട്ടലുകളിലും പരിശോധന നടത്തിയത്. ഇന്നലെ ബാർ ഹോട്ടലിൽനിന്ന് പിടികൂടിയ ഭക്ഷണത്തിൽ വിഷാംശമുണ്ടോയെന്ന് സംശയമുണ്ടെന്നും ഇവ ഭക്ഷ്യസുരക്ഷാ വകുപ്പിന് കൈമാറുമെന്നും സെക്രട്ടറി മുഹമ്മദ് റാഫി അറിയിച്ചു. പരിശോധനയ്ക്ക് നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർമാരായ കെ. സിജു, എം.പി. ഷഹീർ, എം.എൻ. നീത, ജൂനിയർ ഇൻസ്പെക്ടർമാരായ വി.എം. സീന, എം. അഖിൽ ജിഷ്ണു, കെ.എസ്. ആസിഫ് എന്നിവർ നേതൃത്വം നൽകി.

ഉദ്യോഗസ്ഥർ നിയമം നടപ്പാക്കുന്നില്ലെന്ന് ആക്ഷേപം

കുറ്റം ആവർത്തിച്ചാൽ നോട്ടീസ് നൽകി ലൈസൻസ് ഉൾപ്പെടെ റദ്ദാക്കാൻ നിയമം ഉണ്ടെങ്കിലും കോടതി നൂലമാലകൾ കാരണം ഉദ്യോഗസ്ഥർ കടുത്ത നടപടികളിലേക്ക് നീങ്ങാത്തതാണ് പലരും കുറ്റം ആവർത്തിക്കാൻ കാരണം. സംസ്ഥാന വ്യാപകമായി ഹോട്ടൽ പരിശോധന നടക്കുന്ന സമയത്തും ആലുവയിലെ ചില ഹോട്ടലുകളിൽ പഴകിയതും ചീഞ്ഞളിതുമായ ഭക്ഷണപദാർത്ഥങ്ങളാണ് വിളമ്പിയിരുന്നത് എന്നത് ഉദ്യോഗസ്ഥരെയും നാട്ടുകാരെയും ഞെട്ടിച്ചിരിക്കുകയാണ്.
കഴിഞ്ഞദിവസം അടച്ചുപൂട്ടിച്ച പറവൂർ കവലയിലെ ഹോട്ടലിൽനിന്ന് ഭക്ഷണം കഴിച്ച കരുമാല്ലൂർ സ്വദേശികളായ ദമ്പതികളിൽ ഭാര്യ ഭക്ഷ്യ വിഷബാധയേറ്റ് ആശുപത്രിയിൽ ചികിത്സയിലായതാണ് ആലുവയിൽ പരിശോധനയ്ക്ക് വഴിയൊരുക്കിയത്.