കൊച്ചി: എടത്തല രണ്ടാംവാർഡിൽ റോഡിന്റെ സംരക്ഷണത്തിനായി പഞ്ചായത്ത് നിർമ്മിച്ച ഭിത്തി ചിലർ പൊളിച്ചസാഹചര്യത്തിൽ റോഡ് സംരക്ഷണബാദ്ധ്യത പഞ്ചായത്തിനുണ്ടെന്നും ഇതിനാവശ്യമായ നടപടി സ്വീകരിക്കണമെന്നും മനുഷ്യാവകാശ കമ്മിഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് പഞ്ചായത്ത് സെക്രട്ടറിക്ക് ഉത്തരവ് നൽകി.
മൂന്നുമീറ്റർ വീതിയും 600മീറ്റർ നീളവുമുള്ള റോഡിന്റെ ഒരു വശത്ത് 12അടി താഴ്ചയിൽനിന്ന് കരിങ്കല്ല് കെട്ടിയാണ് റോഡ് കോൺക്രീറ്റ് ചെയ്തത്. ഇതാണ് 3മീറ്റർ നീളത്തിൽ പൊളിച്ചുനീക്കിയത്. കെട്ട് പുനർനിർമ്മിച്ചില്ലെങ്കിൽ റോഡ് താഴും. കരിങ്കൽകെട്ട് പൊളിക്കുന്നത് തടഞ്ഞിരുന്നതായി പഞ്ചായത്ത് അറിയിച്ചു. കെട്ട് തങ്ങളുടെ സ്ഥലത്താണെന്നാണ് പൊളിച്ചവരുടെ വാദം.