veed
വീടിന്റെ കല്ലിട‌ീൽ അഡ്വ. പി.വി. ശ്രീനിജിൻ എം.എൽ.എയും ഏലിയാമ്മയും ചേർന്ന് നിർവഹിക്കുന്നു

കിഴക്കമ്പലം: വാർദ്ധക്യത്തിൽ വഴിയാധാരമാകില്ല. പറഞ്ഞ വാക്കുപാലിച്ച് എം.എൽ.എ. കാരുകുളം പാത്തിക്കുളങ്ങര ഏലിയാമ്മ വർഗീസിന് (77) ഇനി സ്വന്തം വീട്ടിൽ അന്തിയുറങ്ങാം. വീടുനിർമ്മിച്ച് നൽകാമെന്ന് പറഞ്ഞ് പഞ്ചായത്ത് അധികൃതർ കബളിപ്പിച്ച ഇവർ കഴിഞ്ഞ ജൂൺ 21ന് പൊളിച്ച വീടിനുമുന്നിൽ കുത്തിയിരിപ്പ് സമരം നടത്തിയിരുന്നു. സംഭവമറിഞ്ഞെത്തിയ അഡ്വ. പി.വി. ശ്രീനിജിൻ എം.എൽ.എ അന്ന് അവർക്ക് വീട് നിർമ്മിച്ച് നൽകുമെന്ന് ഉറപ്പ് നൽകിയാണ് മടങ്ങിയത്.

റോഡ് വികസനത്തിന്റെ പേരിൽ ഏലിയാമ്മയുടെ വീട് പഞ്ചായത്ത് അധികൃതർ പൊളിച്ച് മാ​റ്റിയിരുന്നു. പകരം വീട് നൽകുമെന്ന് പറഞ്ഞെങ്കിലും നാല് വർഷം കഴിഞ്ഞിട്ടും ലഭിച്ചില്ലെന്നാണ് പരാതി. സമീപ പ്രദേശങ്ങളിലെ വിവിധ ഇടങ്ങളിലായി വാടകകയ്ക്ക് താമസിക്കുകയായിരുന്നു ഇവർ. ഒടുവിൽ താമസിച്ച കെട്ടിടഉടമ വാടകവീട്ടിൽനിന്ന് ഇറക്കി വിട്ടതോടെയാണ് ഏലിയാമ്മ നേരത്തെ വീടിരുന്ന സ്ഥലത്ത് കുത്തിയിരിപ്പ് സമരം നടത്തിയത്. പ്രദേശവാസികൾ അറിയിച്ചതനുസരിച്ച് എം.എൽ.എ സ്ഥലത്തെത്തി വിവരം പൊലീസിന് കൈമാറി. പ്രദേശവാസികളും പൊലീസും ചേർന്ന് വൃദ്ധയെ സുരക്ഷിതമായ വീട്ടിലേക്ക് അന്ന് മാ​റ്റിയിരുന്നു. ഇവരുടെ വീടു നിർമ്മാണം ഏറ്റെടുക്കാൻ സി.പി.എം കിഴക്കമ്പലം ലോക്കൽ കമ്മിറ്റി പിന്നീട് തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞദിവസം വീടിന്റെ കല്ലിടീൽ എം.എൽ.എയുടെ നേതൃത്വത്തിൽ നടന്നു. നാലുമാസം കൊണ്ട് പണിതീർത്ത് താക്കോൽ കൈമാറാനാണ് തീരുമാനം.