കൊച്ചി: മൂന്നാം വർഷ എം.ബി.ബി.എസ് പരീക്ഷയിൽ ആൾമാറാട്ടം നടത്തിയതിന് കൊല്ലം അസീസിയ മെഡിക്കൽ കോളേജിലെ മൂന്നു വിദ്യാർത്ഥികൾക്ക് പരീക്ഷാവിലക്ക് ഏർപ്പെടുത്തിയ ആരോഗ്യ സർവകലാശാലയുടെ നടപടി ഹൈക്കോടതി ശരിവച്ചു. വിലക്കിനെതിരെ വിദ്യാർത്ഥികളായ പ്രണവ് മോഹൻ, നബീൽ സാജിദ്, മിഥുൻ ജെംസിൻ എന്നിവർ നൽകിയ ഹർജികൾ തള്ളിയാണ് ജസ്റ്റിസ് രാജ വിജയരാഘവന്റെ വിധി. 2021 ജനുവരിയിൽ നടന്ന പാർട്ട് വൺ പരീക്ഷയിൽ ആരോപണ വിധേയരായ വിദ്യാർത്ഥികൾ തങ്ങളുടെ ഉത്തരക്കടലാസുകൾ മാറ്റി പകരക്കാർ എഴുതിയ ബുക്ക്‌ലെറ്റുകൾ ചീഫ് സൂപ്രണ്ട്, ഇൻവിജിലേറ്റർ എന്നിവരുടെ ഒത്താശയോടെ തിരുകിക്കയറ്റിയെന്നാണ് കേസ്. സംഭവം പിടിക്കപ്പെട്ടതോടെ സർവകലാശാല ഗവേണിംഗ് കൗൺസിൽ ഇവരെ ഡീബാർ ചെയ്തു. ഇതിനെതിരെ വൈസ് ചാൻസലർക്കു നൽകിയ പരാതിയും തള്ളിയതോടെയാണ് വിദ്യാർത്ഥികൾ ഹൈക്കോടതിയെ സമീപിച്ചത്.