ആലുവ: നൊച്ചിമ ഗ്രാമത്തിന് അക്ഷരവെളിച്ചമേകിയ സേവന ലൈബ്രറി ആൻഡ് റീഡിംഗ് റൂം സുവർണജൂബിലി നിറവിൽ. 1972ൽ
വായനയ്ക്കും കാരംസ്, ഫുട്‌ബാൾ, നാടകം, ചെസ് എന്നീ വിനോദങ്ങൾക്കുമായി ഏതാനും ചെറുപ്പക്കാർചേർന്ന് രൂപീകരിച്ച കൂട്ടായ്മയാണ് നൊച്ചിമ ഗ്രാമത്തിന്റെ തിലകക്കുറിയായി മാറിയത്.
ഒറ്റമുറി വാടകക്കെട്ടിടത്തിലായിരുന്നു തുടക്കം. നിലവിൽ എ പ്ലസ് ഗ്രേഡോടെ മൂന്നുനിലകളുള്ള സ്വന്തം കെട്ടിടത്തിൽ പ്രവർത്തിക്കുന്ന മികച്ച ഗ്രന്ഥശാലയായി വളർന്നു. സ്വന്തമായി നാടകങ്ങൾ അവതരിപ്പിച്ചു. 80ൽ എസ്.എൽ.ആർ നൊച്ചിമ എന്ന പേരിൽ ജില്ലയിലെ അറിയപ്പെടുന്ന ഫുട്‌ബാൾ ടീമും ഉണ്ടായി. രാവിലെ എട്ടുമുതൽ രാത്രി ഒൻപതുവരെ പ്രവർത്തിക്കുന്ന റീഡിംഗ് റൂമിൽ വിവിധ ഭാഷകളിലായി 13 പത്രങ്ങളും മുപ്പതിലേറെ ആനുകാലികങ്ങളുമുണ്ട്. ശില്പശാലകൾക്കും ചർച്ചാക്ലാസുകൾക്കും ചലച്ചിത്ര പ്രദർശനത്തിനുമായി മിനി സെമിനാർ റൂമുണ്ട്. സാക്ഷരതാമിഷൻ വികസന വിദ്യാകേന്ദ്രം, കുട്ടികൾക്കായി പ്രാദേശിക പ്രതിഭാകേന്ദ്രം, സാക്ഷരതാതുല്യതാ പഠനപുസ്തകങ്ങൾ എന്നിവയും പ്രവർത്തിക്കുന്നു.
വിവിധ വിഷയങ്ങളിൽ വ്യത്യസ്ത ഭാഷകളിലായി 15000ൽ അധികം പുസ്തകങ്ങൾ, റഫറൻസ് വിഭാഗത്തിൽ 3500 ഓളം പുസ്തകങ്ങൾ, കുട്ടികൾക്കായി 2000ൽ അധികം പുസ്തകങ്ങൾ എന്നിവയുണ്ട്. സേവന വനിതാവേദി, ബാലവേദി എന്നിവയുടെ നേതൃത്വത്തിൽ പഠനക്ലാസുകൾ, ശില്പശാല എന്നിവ നടത്തുന്നു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന പാഠനത്തിൽ മികച്ച വിദ്യാർത്ഥികൾക്ക് സേവന എഡ്യൂക്കേഷൻ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ പഠനസ്കോളർഷിപ്പും നൽകുന്നു. സേവന ഓപ്പൺ സംസ്ഥാന ചെസ് ടൂർണമെന്റ്, മെഡിക്കൽ ക്യാമ്പുകൾ, ചലച്ചിത്രോത്സവം, മത്സരപ്പരീക്ഷ പഠനക്ലാസുകൾ തുടങ്ങി നിരവധി പരിപാടികൾ എല്ലാ വർഷവും നടത്തുന്നു.
സുവർണജൂബിലി ആഘോഷം 15ന് വൈകിട്ട് നാലിന് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. സംസ്ഥാന ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഡോ. കെ.വി. കുഞ്ഞിക്കൃഷ്ണൻ, അൻവർ സാദത്ത് എം.എൽ.എ, ജോൺ ഫെർണാണ്ടസ്, തദ്ദേശ ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കുമെന്ന് പ്രസിഡന്റ് പി.സി. ഉണ്ണി, സെക്രട്ടറി ഒ.കെ. ഷംസുദീൻ എന്നിവർ അറിയിച്ചു. സുവർണ ജൂബിലിയോടനുബന്ധിച്ച് ഒരു വർഷം നീളുന്ന 50 പരിപാടികളും സുവർണജൂബിലി സ്മരണികയും പുറത്തിറക്കും.