pc-george

കൊച്ചി: വിദ്വേഷ പ്രസംഗത്തിന്റെ പേരിൽ പാലാരിവട്ടം പൊലീസ് രജിസ്റ്റർ ചെയ്‌ത കേസിൽ തന്റെ അറസ്റ്റ് വിലക്കണമെന്ന പി.സി. ജോർജ്ജിന്റെ മുൻകൂർ ജാമ്യാപേക്ഷയിലെ ഇടക്കാല ആവശ്യം എറണാകുളം ജില്ലാ സെഷൻസ് കോടതി നിരസിച്ചു. കേസ് ഡയറി ഹാജരാക്കാൻ പ്രോസിക്യൂഷൻ സമയം തേടിയതിനാൽ മുൻകൂർ ജാമ്യാപേക്ഷ മേയ് 16 ലേക്ക് മാറ്റി. സമാനമായ മറ്റൊരു കേസിൽ 75 വയസുള്ള തനിക്ക് തിരുവനന്തപുരത്തെ കോടതി മുൻകൂർ ജാമ്യം നൽകിയിരുന്നെന്ന് പി.സി. ജോർജ്ജ് ചൂണ്ടിക്കാട്ടി. ജില്ലാ സെഷൻസ് കോടതിയുടെ ചുമതലയുള്ള അഡി. ജില്ലാ സെഷൻസ് ജഡ്‌ജി കെ. കമനീസാണ് ഹർജി പരിഗണിച്ചത്. വെണ്ണല തൈക്കാട്ട് മഹാദേവക്ഷേത്രത്തിലെ സപ്‌താഹ യജ്ഞത്തോടനുബന്ധിച്ചു ഞായറാഴ്‌ച നടന്ന പരിപാടിയിൽ ജോർജ്ജ് നടത്തിയ പ്രസംഗം മതസ്പർദ്ധ വളർത്തുന്നതും മതവികാരം വ്രണപ്പെടുത്തുന്നതുമാണെന്ന് വിലയിരുത്തിയാണ് ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 153 എ, 295 എ എന്നീ വകുപ്പുകൾ പ്രകാരം പൊലീസ് ജാമ്യമില്ലാക്കുറ്റം ചുമത്തി കേസെടുത്തത്.