മൂവാറ്റുപുഴ: മൂവാറ്റുപുഴ- കാവുംപടി റോഡിൽ പൊട്ടിപ്പൊളിഞ്ഞ ഫുട്പാത്തിൽ കാടുകയറിയതോടെ കാൽനടയാത്ര ദുരിതമായി. കച്ചേരിത്താഴത്തുനിന്നാരംഭിക്കുന്ന കാവുംപടി റോഡിന്റെ കെ.എസ്.ഇ.ബി ഓഫീസ് കഴിഞ്ഞുള്ള ഭാഗത്തെ ഫുട്പാത്താണ് പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്നത്. ഇഴജന്തുക്കൾ കയറി ഇരുന്നാൽപ്പോലും യാത്രക്കാർക്ക് കാണാൻകഴിയാത്ത രൂപത്തിലേക്ക് പുല്ലും ചെടികളും വളർന്നിരിക്കുന്നു.
പുഴക്കരകാവ്, മൂവാറ്റുപുഴകാവ് എന്നിവിടങ്ങളിലേക്കും നിർമ്മല ജൂനിയർ സ്കൂളിലേക്കും പൊലീസ് സ്റ്റേഷൻ, പൊതുമരാമത്ത് ഓഫീസ്, എ.ഇ.ഒ ഓഫീസ്, എം.വി.ഐ.പി ഓഫീസ് തുടങ്ങിയ സ്ഥലങ്ങളിലേക്കും പോകേണ്ടവർക്ക് സഞ്ചരിക്കേണ്ടത് ഇതിലൂടെയാണ്. നഗരസഭയുടെ ശുചീകരണ തൊഴിലാളികൾ ഇതൊന്നും കണ്ടതായി നടിക്കുന്നില്ല. ഫുട്പാത്തിൽ വിരിച്ച ടൈലുകൾ പൊട്ടിപ്പൊളിഞ്ഞ് അവിടെത്തന്നെ ചിതറിക്കിടക്കുകയാണ്.