കുറുപ്പംപടി: പൊതുമരാമത്ത് വകുപ്പ് റോഡ് ഡിവിഷൻ കുറുപ്പംപടി സെക്ഷന് കീഴിലുള്ള റോഡുകളുടെ പണികൾ മുടങ്ങി. ഫണ്ടില്ലെന്നതാണ് കാരണമായി പറയുന്നത്. ഓടക്കാലി-നാഗഞ്ചേരി റോഡിൽ ഓടക്കാലി മുതൽ പെരുമ്പാവൂർ നിയോജകമണ്ഡലത്തിന്റെ അതിർത്തിയായ മണ്ണൂർമോളം വരെയുള്ള രണ്ട് കിലോമീറ്റർ ഭാഗവും മൂവാറ്റുപുഴ - പാണിയേലി റോഡിൽ ഉദയകവല മുതൽ കോട്ടച്ചിറവരെയുള്ള ഒന്നരക്കിലോമീറ്റർ ഭാഗവും തകർന്ന് തരിപ്പണമായി രണ്ടുവർഷം പിന്നിട്ടിട്ടും റോഡ് പുനരുദ്ധാരണത്തിന് പൊതുമരാമത്ത് വകുപ്പ് ഉഴപ്പുകയാണ്. കുറുപ്പംപടി ഡിവിഷൻ ഓഫീസിൽനിന്ന് രണ്ട് റോഡുകൾക്കും ബി.എം ബി.സി നിലവാരത്തിൽ പുനരുദ്ധാരണം നടത്തുന്നതിന് എസ്റ്റിമേറ്റ് തയ്യാറാക്കി ചീഫ് എൻജിനീയർക്ക് സമർപ്പിച്ചെങ്കിലും പണമില്ലെന്ന കാരണത്താൽ എസ്റ്റിമേറ്റ് കുറുപ്പംപടി ഡിവിഷൻ ഓഫീസിന് മടക്കി നൽകി.തുടർന്ന് താത്കാലികമായി അറ്റകുറ്റപ്പണി നടത്താൻ കഴിയുമോ എന്ന് പരിശോധിക്കാൻ മെയിന്റൻസ് വർക്ക് സെക്ഷനോട് ആവശ്യപ്പെട്ടിരിക്കുകയാണെന്ന് അധികൃതർ പറയുന്നു.
ബഡ്ജറ്റിൽ തുക വകയിരുത്തിയിട്ടും രക്ഷയില്ല
കഴിഞ്ഞ ബഡ്ജറ്റിൽ സംസ്ഥാന സർക്കാർ 3 കോടി രൂപ വകയിരുത്തിയ ഓടക്കാലി - നാഗഞ്ചേരി റോഡിന് ഫണ്ടില്ലെന്ന പൊതുമരാമത്ത് വകുപ്പിന്റെ നിലപാട് ആശ്ചര്യകരമാണെന്ന് നാട്ടുകാർ പറയുന്നു. അശമന്നൂർ പഞ്ചായത്തിൽ ഏറ്റവുമധികം വ്യവസായ സ്ഥാപനങ്ങളുള്ള പ്രദേശങ്ങളിലൂടെയാണ് രണ്ട് റോഡുകളും കടന്നുപോകുന്നത്. തടി വ്യവസായ സ്ഥാപനങ്ങളിലേക്ക് നിരവധി ഭാരവാഹങ്ങളാണ് ദിനം പ്രതി ഈ റോഡുകളിലൂടെ കടന്നുപോകുന്നത്. ഏറ്റവും കൂടുതൽ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശവും നിരവധി പേർ ആശ്രയിക്കുന്നതുമായ രണ്ട് റോഡുകളും മഴ കനക്കുന്നതിന് മുമ്പായി അടിയന്തരമായി റീ ടാറിംഗ് നടത്തിയില്ലെങ്കിൽ ഗുരുതരമായ ഗതാഗത പ്രതിസന്ധിക്ക് കാരണമാകുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.