ആലുവ: കീഴ്മാട് ഗ്രാമപഞ്ചായത്ത് പൊതുശ്മശാനം പ്രവർത്തിപ്പിക്കാത്തതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു. തകരാർ പരിഹരിച്ച് ഉടൻ ശ്മശാനം പ്രവർത്തനസജ്ജമാക്കാമെന്ന ഉറപ്പിനെത്തുടർന്ന് സമരം അവസാനിപ്പിച്ചു.
പതിനൊന്നാം വാർഡിൽ മുള്ളൻകുഴിയിലാണ് ഗ്യാസിൽ പ്രവർത്തിക്കുന്ന പൊതുശ്മാശാനം സ്ഥിതിചെയ്യുന്നത്. ആഴ്ചകളോളമായി പ്രവർത്തനരഹിതമായി കിടക്കുകയാണ്. പഞ്ചായത്ത് പ്രദേശങ്ങളിൽ താമസിക്കുന്നവരിൽ ആരെങ്കിലും മരിച്ചാൽ സമീപ പഞ്ചായത്തുകളിലെ പൊതുശ്മശാനങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയാണ്. കൂടുതൽ തുകയും കൊടുക്കണം. പലവട്ടം പഞ്ചായത്ത് അധികൃതരെ വിവരം അറിയിച്ചിട്ടും പരിഹാരമില്ലാത്ത സാഹചര്യത്തിലാണ് ഉപരോധമെന്ന് സമരക്കാർ പറഞ്ഞു.
യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജോണി ക്രിസ്റ്റഫർ, വൈസ് പ്രസിഡന്റ് താഹിർ ചാലക്കൽ, സെക്രട്ടറിമാരായ അമൽ ജോൺ, ഷൈമോൻ, വാർഡ് മെമ്പർ സനില എന്നിവർ നേതൃത്വം നൽകി.