കൊച്ചി: ജില്ലയിൽ തക്കാളിപ്പനി പടരുന്നതായി അനുഭവസ്ഥർ പറയുമ്പോഴും അറിയില്ലെന്ന് ഭാവിച്ച് ആരോഗ്യവകുപ്പ് കൈമലർത്തുന്നു.

5 വയസിൽ താഴെപ്രായമുള്ള കുട്ടികളെ ബാധിക്കുന്ന വൈറസ് രോഗമാണ് തക്കാളിപ്പനി. ഫോർട്ടുകൊച്ചി, ചെറായി, ഏലൂർ മേഖലയിൽ രോഗം സ്ഥിരീകരിച്ചതായി റിപ്പോർട്ടുണ്ട്. എന്നാൽ രോഗബാധ സംബന്ധിച്ച് യാതൊരറിവും ഇല്ലെന്നാണ് ആരോഗ്യവകുപ്പ് അധികൃതർ പറയുന്നത്. കാൽ വെള്ളയിലും സ്വകാര്യഭാഗത്തും കൈവെള്ളയിലും വായിലും കുരുക്കളും ചുവന്ന നിറത്തിൽ തടിപ്പും കാണപ്പെടുന്നതാണ് പ്രധാന രോഗലക്ഷണം. കൂടാതെ കടുത്തപനിയും അതികഠിനമായ ശരീര വേദനയുമുണ്ടാകും. ചെറായി ഭാഗത്ത് അങ്കണവാടിയിൽ പോയ കുട്ടിക്കാണ് ആദ്യം രോഗലക്ഷണം പ്രകടമായത്. പിന്നിട് മറ്റുചില കുട്ടികളിലേക്കും ഇത് പകരുകയായിരുന്നു.

തക്കാളിപ്പനി

മഴക്കാലത്ത് കണ്ടുവരുന്ന ഒരുതരം വൈറസ് രോഗമാണ് തക്കാളിപ്പനി. കടുത്ത പനിയ്ക്കും ശരീരവേദനയ്ക്കുമൊപ്പം ദേഹത്ത് ചിക്കൻപോക്സ് പോലെയുള്ള ചെറിയ കുരുക്കളാണ് ആദ്യം പ്രകടമാകുന്നത്. വായിലും കുരുക്കൾ വരുന്നതുകൊണ്ട് ഭക്ഷണം കഴിക്കാനൊ വെള്ളം കുടിക്കാനൊ സാധിക്കാതെ കുട്ടികൾ കൂടുതൽ ക്ഷീണിതരാകും. വൈറസ് രോഗമായതിനാൽ പകരുകയും ചെയ്യും. ഇത്തരം ലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ വിദഗ്ദ്ധ ചികിത്സ തേടുകയാണ് വേണ്ടത്.

തക്കാളിപ്പനിയുടെ

ലക്ഷണങ്ങൾ

ത്വക്കിൽ ആദ്യം ചൊറിച്ചിലായി അനുഭവപ്പെട്ട് പിന്നീട് ഇവിടങ്ങളിൽ ചെറിയ കുമിളകൾ പൊന്തിവരുവാൻ തുടങ്ങും. ഈ കുമിളകൾക്ക് ചുവപ്പ് നിറവും വൃത്താകൃതിയുമുള്ളതുകൊണ്ടാണ് തക്കാളിപ്പനി എന്നറിയപ്പെടുന്നത്. കൂടാതെ നല്ല പനി, ശരീരവേദന

കാൽമുട്ടുകളിൽ വേദന, ചീർത്തുവരുന്ന കുമിളകൾ, വായയ്ക്കുള്ളിൽ രൂപപ്പെടുന്ന കുമിളകൾ, കൈപ്പത്തി, മുട്ട്, തുടഭാഗം എന്നിവിടങ്ങളിൽ രൂപപ്പെടുന്ന നിറവ്യത്യാസം, മൂക്കിൽ നിന്നും ശ്രവം, കഭക്കെട്ട്, തുമ്മൽ എന്നിവയും തക്കാളിപ്പനിയുടെ ലക്ഷണങ്ങളാണ്.

മറ്റ് പകർച്ചവ്യാധികൾ പോല അപകടകാരിയല്ലെങ്കിലും കൈകാലുകൾക്കടിയിൽ വരുന്നതിനാൽ കുട്ടികൾക്ക് നടക്കുന്നതിനും തൊണ്ടയിൽ വരുന്നതിനാൽ ഭക്ഷണം കഴിക്കുന്നതിനും ബുദ്ധിമുട്ടനുഭവപ്പെടാം. അസുഖം ബാധിച്ച കുട്ടിയെ വീട്ടിൽ നിന്നും പുറത്തുവിടാതെയും മറ്റുള്ളവരുമായി സമ്പർക്കത്തിലാകാതെയും സൂക്ഷിച്ചാൽ മറ്റുകുട്ടികളിലേയ്ക്ക് പകരുന്നത് തടയാം.