കൊച്ചി: ഗോശ്രീ മനുഷ്യാവകാശ സംരക്ഷണസമിതിയുടെ നേതൃത്വത്തിൽ ഗോശ്രീബസുകളുടെ നഗരപ്രവേശനം നാലാംഘട്ട സമരപ്രഖ്യാപന സമ്മേളനവും ഒപ്പുശേഖരണവും ഇന്ന് രാവിലെ 10ന് ഹൈക്കോടതി ജംഗ്ഷനിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

നാറ്റ്പാക് നിർദ്ദേശിച്ച രീതിയിൽ ഗോശ്രീ ബസുകളുടെ നഗരപ്രവേശനം നടപ്പാക്കാൻ മുഖ്യമന്ത്രി തയ്യാറാവണമെന്ന് സമിതി ആവശ്യപ്പെട്ടു. 2004 ജൂൺ 5 തുറന്ന ഗോശ്രീപ്പാലത്തിന് 18 വയസ് ആയിട്ടും വൈപ്പിൻ ജനതയുടെ യാത്രാക്ലേശം പരിഹരിക്കാൻ അധികൃതർ തയ്യാറായിട്ടില്ല. ഇന്ന് നടക്കുന്ന സമരപ്രഖ്യാപന സമ്മേളനത്തിനുശേഷം വൈപ്പിൻ മുനമ്പം മുതൽ ഫോർട്ട് വൈപ്പിൻ വരെ വിവിധ കേന്ദ്രങ്ങളിൽ വിശദീകരണ യോഗവും ഒപ്പ് ശേഖരണവും നടത്തും. വാർത്താസമ്മേളനത്തിൽ പോൾ ജെ. മാമ്പിള്ളി, ജോൺ വൈപ്പിൻ എന്നിവർ പങ്കെടുത്തു.