കുറുപ്പംപടി: ഭൂഗർഭ കേബിൾ വലിക്കുന്നതിനായി കുറുപ്പംപടി ടൗണിൽ കുഴിയെടുത്തിരിക്കുന്ന ഭാഗത്തെ മണ്ണ് കനത്ത മഴപെയ്തപ്പോൾ റോഡിലേക്കൊഴുകി കുളമായിക്കിടക്കുന്നു. കുറുപ്പംപടി ജംഗ്ഷൻ മുതൽ മുതൽ ഇഞ്ചിപ്പുൽ സൊസൈറ്റിയുടെ മുൻവശം വരെയുള്ള ഭാഗത്താണ് റോഡിന്റെ ഒരുവശത്ത് ചെളി നിറഞ്ഞുകിടക്കുന്നത്. സമീപത്തുള്ള ബേക്കറികളിലേക്ക് ചെളിഅടിച്ച് തെറിക്കുന്നതിനാൽ മുൻവശത്തെ ഷട്ടർ അടച്ചിടേണ്ട അവസ്ഥയാണ് ഇപ്പോഴുള്ളത്. ഇടതടവില്ലാതെ വാഹനങ്ങൾ ഇതിലൂടെ പോകുമ്പോൾ സമീപത്തുള്ള കടകളിലേക്ക് ചെളി തെറിച്ച് ടൗണും പരിസരവും ആകെ വൃത്തികേടായി. ഇരുചക്ര വാഹനയാത്രക്കാർക്കും കാൽനടയാത്രക്കാർക്കും ഇത് തലവേദനയായി മാറി.
മഴയത്ത് ചെളിയിൽ ചവിട്ടി വേണം കടകളിലേക്ക് കയറുവാൻ എന്ന അവസ്ഥയാണ് നിലവിൽ. രാത്രിയിൽ നടക്കുന്ന കുഴി എടുക്കലിന് ശേഷം തൊഴിലാളികൾ മണ്ണ് മുഴുവൻ റോഡിൽത്തന്നെ ഉപേക്ഷിച്ചുപോകുന്നു. മഴ പെയ്യുമ്പോൾ ഇവ റോഡിലേക്ക് ഒലിച്ചിറങ്ങി റോഡിൽ ആകെ ചെളിനിറഞ്ഞ് കിടക്കുകയാണ്. അധികൃതർ ഇടപെട്ട് എത്രയുംവേഗം ശാശ്വത പരിഹാരം ഉണ്ടാക്കണമെന്ന് മർച്ചന്റ് അസോസിയേഷൻ ഭാരവാഹികളും വ്യാപാരികളും ആവശ്യപ്പെടുന്നു.