
കളമശേരി: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയ കേസിലെ പ്രധാന കണ്ണി അറസ്റ്റിൽ. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി.
തൊഴിൽ തട്ടിപ്പ് കേസിലെ മുഖ്യ പ്രതികളിൽ ഒരാളായ തൃശൂർ മുപ്ളിയം കിട്ടുഗത്തു വീട്ടിൽ കെ.സി മാണിയുടെ മകൻ കെ.എം. മോഡിയെയാണ് (39) ഈസ്റ്റ് ഡൽഹിയിൽ നിന്ന് ഏലൂർ പൊലീസ് പിടികൂടിയത്. ഇയാളെ ഏലൂരിൽ എത്തിച്ച് കോടതിയിൽ ഹാജരാക്കി. കേസുമായി ബന്ധപ്പെട്ട് മഞ്ഞുമ്മൽ സ്വദേശികളായ ജിത്തു ജോർജ് (34), ബിനോയ് (32) എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.വിവിധ ജില്ലകളിൽ നിന്നുള്ളവർ ഇവരുടെ ചതിക്കുഴിയിൽ വീണിട്ടുണ്ട്. നാൽപ്പതോളം പരാതികളാണ് ഏലൂർ പൊലീസ് സ്റ്റേഷനിൽ ലഭിച്ചിരിക്കുന്നത്. തട്ടിപ്പ് സംഘത്തിന്റെ കെണിയിൽപ്പെട്ട ഉദ്യോഗാർത്ഥികൾ ബോസ്നിയ, സൈബീരിയ, ഗ്രീസ് തുടങ്ങിയ രാജ്യങ്ങളിൽ തൊഴിൽ കിട്ടാതെ കഷ്ടപ്പെടുകയാണെന്ന് പരാതികളിൽ പറയുന്നു.