കൊച്ചി: കൊച്ചിയിലേക്കുള്ള യാത്രാക്കാരെ ഇനി പേൾ ഒഫ് കൊച്ചി സ്വീകരിക്കും. എറണാകുളം ഗോശ്രീ ജംഷനിൽ നിർമ്മിച്ച കലാശില്പം വരാപ്പുഴ അതിരൂപത മെത്രാപോലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്പിലും ജിഡ സെക്രട്ടറി രഘുരാമനും സംയുകതമായി നാടിന് സമർപ്പിച്ചു. ലൂദ് ആശുപത്രിയാണ് ആധുനിക രീതിയിൽ ശില്പം നിർമ്മിക്കാനുള്ള സഹായങ്ങൾ നൽകിയത്. കൊവിഡ് മഹാമാരിക്കാലത്തും മറ്റു ദുരിതാവസ്ഥകളിലും ലോകത്തിന് മുഴുവൻ പ്രത്യാശയും കൈത്താങ്ങുമായി നിന്ന നഴ്‌സുമാരുടെ ദിനത്തിൽത്തന്നെ നാടിന് സമർപ്പിക്കാൻ സാധിച്ചതിൽ അഭിമാനിക്കുന്നുവെന്ന് ആശുപത്രി ഡയറക്ടർ ഫാ.ഷൈജു അഗസ്റ്റിൻ തോപ്പിൽ പറഞ്ഞു. എഴുപത്തിനാലാം ഡിവിഷൻ കൗൺസിലർ വി.വി. പ്രവീൺ, മെഡിക്കൽ ഡയറക്ടർ ഡോ. പോൾ പുത്തൂരാൻ, റൈറ്റ് റവ. മോൺ. ജോസഫ് എട്ടുരുത്തിൽ, ഫാ. സോണി കളത്തിൽ, മെഡിക്കൽ സൂപ്രണ്ട് ഡോ.സന്തോഷ് ജോൺ എബ്രഹാം എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.