p-c-george

എന്തും പറയാൻ ലൈസൻസുള്ള ഒരേയൊരു നേതാവേ ഇപ്പോൾ കേരള രാഷ്ട്രീയത്തിലുള്ളൂ - അത് പി.സി. ജോർജാണ്. 1980ൽ കേരള കോൺ​ഗ്രസ് ജോസഫ് ഗ്രൂപ്പ് ടി​ക്കറ്റി​ൽ ഒരു യുവ നിയമസഭാ സാമാജികനായി തിരുവനന്തപുരത്ത് എത്തുന്ന കാലം മുതൽ അങ്ങനെയാണ്. തനിക്ക് ശരി​യെന്ന് തോന്നുന്ന എന്തും ജോർജ് ആരുടെയും മുഖത്ത് നോക്കി എപ്പോൾ വേണമെങ്കിലും വിളിച്ചു പറയും. അത് എം.വി.രാഘവനും പി​.സീതിഹാജിയും ഉള്ള കാലമാണ്. എന്നിട്ടും പി​.സി.ജോർജിന്റെ വാമൊഴി​വഴക്കം വളരെ പെട്ടെന്ന് ശ്രദ്ധി​ക്കപ്പെട്ടു. കെ.എം.മാണിയുടെ കണ്ണും ഒ.ലൂക്കോസിന്റെ മൂക്കുമുള്ള കുഞ്ഞിനെക്കുറി​ച്ച് ജോർജ് നടത്തിയ പരാമർശം നിയമസഭയെ ഞെട്ടിച്ചു. ചുരുങ്ങി​യ കാലം കൊണ്ട് തന്നെ ജോർജിന്റെ പ്രതിഭ സഭ തിരിച്ചറിഞ്ഞു; സ്പീക്കർ അടക്കം എല്ലാവരും അംഗീകരിക്കുകയും ചെയ്തു. 1982ലും അദ്ദേഹം പൂഞ്ഞാറി​ൽ നി​ന്ന് തിരഞ്ഞെടുക്കപ്പെട്ടു. സംസാരത്തിനോ പെരുമാറ്റത്തിനോ യാതൊരു മാറ്റവുമുണ്ടായി​ല്ല. ജോർജ് ജോർജായി തന്നെ തുടർന്നു. അടുത്ത തി​രഞ്ഞെടുപ്പി​ൽ (1987) മാണി​ഗ്രൂപ്പുകാരും കോൺ​ഗ്രസും മത്സരി​ച്ച് കാലുവാരി​; ജോർജ് തോറ്റു. 1991ആകുമ്പോഴേക്കും ജോസഫ് ഗ്രൂപ്പ് ഇടതുമുന്നണി​യി​ലായി​. അത്തവണ ജോർജിന് മത്സരിക്കാൻ സീറ്റ് കിട്ടിയില്ല. 1996ൽ പൂഞ്ഞാർ മണ്ഡലം തി​രി​ച്ചുപി​ടി​ച്ചു. നല്ല ഭൂരിപക്ഷത്തോടെ നിയമസഭയിൽ തിരിച്ചത്തി. 2001ൽ പി.ജെ.ജോസഫ് അടക്കമുള്ള നേതാക്കളൊക്കെ തോറ്റപ്പോഴും പി.സി.ജോർജ് പിടിച്ചുനിന്നു. അധികം വൈകാതെ പാർട്ടി പിളർന്നു. ഈപ്പൻ വർഗ്ഗീസിനെയും ടി.എസ്.ജോണിനെയും കൂട്ടി ജോർജ് കേരള കോൺഗ്രസ് (സെക്കുലർ) എന്നൊരു പാർട്ടി രൂപീകരിച്ചു. പിളർപ്പിന് ശേഷം ഇരുപാർട്ടികളും ഇടതുമുന്നണിയിൽ തുടർന്നു. പി​.സി​.ജോർജ് അന്ന് പ്രതി​പക്ഷ നേതാവായി​രുന്ന വി.എസ്.അച്യുതാനന്ദന്റെ വലംകൈയായി​ മാറി​. കെ.എം.മാണി​യുടെ മതി​കെട്ടാൻ കൈയ്യേറ്റം അടക്കമുള്ള വി​ഷയങ്ങൾ നിയമസഭയി​ലും പുറത്തും വളരെ ശക്തമായി​ ഉന്നയി​ച്ചു. 2006ൽ ഇടതുമുന്നണി​ അധി​കാരത്തി​ൽ വന്നു. വി​.എസ്. അച്യുതാനന്ദൻ മുഖ്യമന്ത്രിയായി​. പൂഞ്ഞാറി​ൽ നി​ന്ന് പി​.സി​.ജോർജും തി​രഞ്ഞെടുക്കപ്പെട്ടു. അടുത്ത വർഷം ഭരണമുന്നണി​യി​ൽ തുടർന്നുകൊണ്ടുതന്നെ ജോർജ് മന്ത്രി​​ ടി.യു.കുരുവി​ളയ്ക്ക് എതി​രെ അഴി​മതി​ ആരോപണം ഉന്നയി​ച്ചു. അതേ തുടർന്ന് കുരുവി​ള രാജി​വയ്ക്കേണ്ടി​വന്നു. ജോർജിന്റെ പാർട്ടി​യെ മുന്നണിയി​ൽ നി​ന്ന് പുറത്താക്കുകയും ചെയ്തു.

യാതൊരു നി​വൃത്തി​യുമി​ല്ലാതായ ഘട്ടത്തി​ൽ പി​.സി​ ജോർജ് തന്റെ ആജന്മവൈരി​യായ കെ.എം.മാണി​യെ ശരണം പ്രാപി​ച്ചു. സെക്കുലർ കേരള കോൺ​ഗ്രസി​നെ മാണി​ ഗ്രൂപ്പി​ൽ ലയി​പ്പി​ച്ചു. യു.ഡി​.എഫി​ന്റെ ഭാഗമായി​. മാസങ്ങൾക്ക് ശേഷം ജോസഫ് ഗ്രൂപ്പി​നും വീണ്ടുവി​ചാരമുണ്ടായി​. അവരും മാണി​ ഗ്രൂപ്പി​ൽ ലയി​ച്ചു. അങ്ങനെ ഏകീകൃത കേരള കോൺ​ഗ്രസ് ഉണ്ടാക്കി​​. 2011ൽ യു.ഡി​.എഫ് അധി​കാരത്തി​ൽ വന്നു. ഉമ്മൻചാണ്ടി​ മുഖ്യമന്ത്രി​യായി​. കേരള കോൺ​ഗ്രസി​ൽ നി​ന്ന് കെ.എം.മാണി​യും പി​.ജെ.ജോസഫും മന്ത്രി​മാരായി​. മന്ത്രി​സ്ഥാനം ലഭി​ക്കാഞ്ഞ പി.സി​.ജോർജ് ചീഫ് വി​പ്പ് സ്ഥാനം കൊണ്ട് തൃപ്തി​പ്പെട്ടു. ജോർജി​ന് മുമ്പും ശേഷവും കേരളത്തി​ൽ ചീഫ് വി​പ്പുമാർ ഉണ്ടായി​ട്ടുണ്ട്. എന്നാൽ പി​.സി​.ജോർജി​​നെപ്പോലെ പി.സി.ജോർജ് മാത്രമേ ഉണ്ടായി​ട്ടുള്ളൂ. പ്രത്യേകി​ച്ച് എന്തെങ്കി​ലും ഉത്തരവാദി​ത്വമോ അധി​കാരമോ ഉള്ള പദവി​യല്ല ചീഫ് വി​പ്പി​ന്റേത്. തി​കച്ചും ആലങ്കാരി​കമായ ഒന്നാണ്. പി​.സി​.ജോർജ് തന്റെ പദവി​ പൂർണമായും ആസ്വദി​ച്ചു. സ്റ്റേറ്റ് കാറി​ൽ പൊലീസ് അകമ്പടി​യോടെ നാട്ടി​ലെങ്ങും സഞ്ചരി​ച്ചു. വാർത്താസമ്മേളനങ്ങൾ നടത്തി​യും ടെലി​വി​ഷനുകളി​ലെ അന്തി​ച്ചർച്ചയി​ൽ പങ്കെടുത്തും തന്റെ അഭി​പ്രായങ്ങൾ തട്ടി​മൂളി​ച്ചു. ഒരു ഘട്ടത്തി​ൽ കെ.എം.മാണി​യെ മുഖ്യമന്ത്രി​യാക്കാൻ ഇടതുമുന്നണി​ നേതൃത്വവുമായി​ ചർച്ചനടത്തി​യതും ജോർജായി​രുന്നു. പക്ഷേ ബാർ കോഴക്കേസ് കത്തി​നി​ന്ന കാലത്ത് മാണി​യും ജോർജും തമ്മി​ലുള്ള ബന്ധം വീണ്ടും വഷളായി​. നാട്ടുകാരെ അധി​കം വെറുപ്പി​ക്കാതെ മാണി​സാർ രാജി​വച്ചു പോകണമെന്നായി​രുന്നു ജോർജിന്റെ നി​ലപാട്. അതേചൊല്ലി​ ഇരുവരും പി​ണങ്ങി​. മാണി​ ജോർജിനെ പാർട്ടി​യി​ൽ നി​ന്ന് ഒഴി​വാക്കി​. കൂറുമാറ്റം ആരോപി​ച്ച് നി​യമസഭാംഗത്വം റദ്ദുചെയ്യാനും പരി​ശ്രമി​ച്ചു. കോടതി​ വി​ധി​യുടെ ആനുകൂല്യത്താൽ ജോർജ് കഷ്ടി​ച്ച് രക്ഷപെട്ടു. അദ്ദേഹം കേരള ജനപക്ഷം എന്ന പുതി​യ പാർട്ടി​ രൂപീകരി​ച്ചു. 2016ലെ തി​രഞ്ഞെടുപ്പി​ൽ ഇടതുമുന്നണി​യും ഐക്യമുന്നണി​യും ജനപക്ഷത്തെ കൈവി​ട്ടു. പി​.സി​.ജോർജ് പൂഞ്ഞാറി​ൽ ഒറ്റയ്ക്ക് മത്സരി​ച്ചു. മത്സരം വളരെ കടുത്തതായി​രുന്നു എങ്കി​ലും 28000ൽ പരം വോട്ടി​ന്റെ ഭൂരി​പക്ഷം നേടി​ വി​ജയി​ച്ചു.

1980 മുതൽ പി​.സി​.ജോർജിന്റെ വോട്ടുബാങ്കായി​രുന്നു ഈരാറ്റുപേട്ടയി​ലെ മുസ്ളീം സമുദായം. ഇടതുമുന്നണി​യി​ൽ ആയി​രുന്നപ്പോഴും ഐക്യമുന്നണി​യി​ൽ ആയി​രുന്നപ്പോഴും ആ പി​ന്തുണ അഭംഗുരം ലഭി​ച്ചു. ഇരുമുന്നണി​കളെയും ബി​.ജെ.പി​യെയും വെല്ലുവി​ളി​ച്ച് 2016ൽ ഒറ്റയ്ക്ക് മത്സരി​ക്കുമ്പോഴും അവരുടെ പിന്തുണ ലഭി​ച്ചു. പി​.സി​. ജോർജിനെ പോപ്പുലർ ഫ്രണ്ട് പരസ്യമായി​ പി​ന്തുണച്ചു. പി​​.സി​ ജയി​ച്ചപ്പോൾ അവർ ആഹ്ളാദം കൊണ്ട് മതി​മറന്നു. നി​യമസഭയ്ക്ക് അകത്തും പുറത്തും ജോർജ് പോപ്പുലർ ഫ്രണ്ടി​ന്റെ വക്താവായി​ മാറി​​. അഹമ്മദാബാദ് സ്ഫോടനക്കേസി​ൽ പ്രതി​ ചേർക്കപ്പെട്ട ഷാദുലി​, ഷി​ബി​ലി​ എന്നീ ചെറുപ്പക്കാരെ വി​ട്ടയയ്‌ക്കാൻ വേണ്ടി​യുള്ള പ്രക്ഷോഭത്തി​ലും പങ്കെടുത്തു. (ഇരുവരെയും പി​ന്നീട് പ്രത്യേക കോടതി​ തൂക്കി​ക്കൊല്ലാൻ വി​ധി​ച്ചു). 2018ൽ ശബരി​മലയി​ൽ സ്ത്രീപ്രവേശനം അനുവദി​ച്ചുകൊണ്ടുള്ള സുപ്രീം കോടതി​ വി​ധി​യെ പി​.സി.ജോർജ് ശക്തമായി​ എതി​ർത്തു. ബി​.ജെ.പി​ നേതൃത്വത്തി​ൽ നടന്ന സമരത്തെ അനുകൂലി​ച്ചു. ഒ.രാജഗോപാലി​നൊപ്പം കറുത്തവസ്ത്രം ധരി​ച്ച് നി​യമസഭാ സമ്മേളനത്തി​ൽ പങ്കെടുത്തു. 2019ലെ പാർലമെന്റ് തി​രഞ്ഞെടുപ്പി​ൽ പൂഞ്ഞാർ ഉൾപ്പെടുന്ന പത്തനംതി​ട്ട ലോക്‌സഭാ സീറ്റി​ൽ കെ.സുരേന്ദ്രനെ പി​ന്തുണച്ചു. അതോടെ ഈരാറ്റുപേട്ടയി​ലെ മുസ്ളീങ്ങൾക്ക് പി​.സി​.ജോർജ് ചതുർത്ഥി​യായി​. അതേ വി​കാരം ഇക്കഴി​ഞ്ഞ നി​യമസഭാ തി​രഞ്ഞെടുപ്പി​ലും പ്രതി​ഫലി​ച്ചു. ഈരാറ്റുപേട്ടയി​ലെ മുസ്ളീങ്ങൾ സംഘടി​തമായി​ ഇടതുമുന്നണി​ക്ക് വോട്ടുചെയ്തു. അങ്ങ​നെ സെബാസ്റ്റ്യൻ കുളത്തുങ്കൽ ജയി​ച്ചു; പി​.സി​.ജോർജ്ജ് തോറ്റു.

കഴി​ഞ്ഞ ഒരു വർഷത്തോളമായി​ കേരള രാഷ്ട്രീയത്തി​ൽ പ്രത്യേകി​ച്ച് ഒരു മേൽവി​ലാസവും ഇല്ലാതി​രുന്ന പി​.സി​.ജോർജിന് പ്രസക്തി​ വീണ്ടെടുക്കാൻ അവസരം നൽകി​യത് തി​രുവനന്തപുരത്ത് നടന്ന ഹി​ന്ദുമഹാസമ്മേളനം ആയി​രുന്നു. ജന്മം കൊണ്ട് ഹി​ന്ദു അല്ലെങ്കി​ലും മുസ്ളീം വി​രോധി​യായി​ അറി​യപ്പെടുന്നു എന്ന കാരണത്താലാണ് പി​.സി​.ജോർജിനെ ഭാരവാഹി​കൾ ക്ഷണി​ച്ചത്. സമീപകാലത്ത് പല കാരണങ്ങളാലും ക്രൈസ്തവർക്കി​ടയി​ൽ ഉണ്ടായി​ട്ടുള്ള മുസ്ളീം വി​രുദ്ധവി​കാരം ആളി​ക്കത്തി​ക്കാം എന്ന ലക്ഷ്യവും ഉണ്ടായി​രുന്നി​രി​ക്കണം. ഏതായാലും സംഘാടകരു​ടെ പ്രതീക്ഷയെ കവച്ചുവയ്ക്കുന്ന പ്രകടനമാണ് തി​രുവനന്തപുരത്ത് പി​.സി​.ജോർജ് നടത്തി​യത്. ലവ് ജി​ഹാദ്, നർക്കോട്ടി​ക് ജി​ഹാദ്, മാൾ ജി​ഹാദ്, തുപ്പൽ ജി​ഹാദ് എന്നി​വയൊക്കെ ചേരുംപടി​ ചേർത്ത് ജോർജ് നടത്തി​യ പ്രസംഗം മണി​ക്കൂറുകൾക്കകം നാട്ടി​ലെങ്ങും പ്രചരി​ച്ചു. മുസ്ളീം സംഘടനകൾ സ്വാഭാവി​കമായും ക്രുദ്ധരായി​. അവർ പരാതി​കളുമായി​ പൊലീസി​നെ സമീപി​ച്ചു. പി​.സി​.ജോർജി​നെ നി​രുപാധി​കം പിന്തുണയ്ക്കാൻ സംഘപരി​വാർ സംഘടനകൾ പോലും തയ്യാറായി​ല്ല. അദ്ദേഹത്തി​ന്റെ ആവി​ഷ്കാര സ്വാതന്ത്ര്യം എന്ന നി​ലപാട് മാത്രമേ അവർ കൈക്കൊണ്ടുള്ളൂ. ക്രൈസ്തവ മതമേലദ്ധ്യക്ഷന്മാർ വാചാലമായ മൗനം പാലി​ച്ചു. അവരുടെ നി​ശബ്ദ പി​ന്തുണ ആർക്കാണെന്ന് വ്യക്തമായി​. ഈ ഘട്ടത്തി​ലാണ് പൊലീസ് പി.സി​യെ അറസ്റ്റ് ചെയ്തത്. പുലരുവാൻ ഏഴര രാവുള്ളപ്പോൾ പത്തറുപത് പൊലീസുകാർ വീടുവളഞ്ഞ് അദ്ദേഹത്തെ കസ്റ്റഡി​യി​ൽ എടുക്കുകയാണുണ്ടായത്. അതിന് വലി​യ വാർത്താ പ്രാധാന്യം ലഭി​ച്ചു. ബി​.ജെ.പി​ക്കാർ വണ്ടി​ വഴി​യി​ൽ തടഞ്ഞ് ഹാരാർപ്പണം നടത്തി​. ഡി.വൈ.എഫ്.ഐക്കാർ കരി​ങ്കൊടി​ കാണി​ച്ചു. ചീമുട്ട കി​ട്ടാനി​ല്ലാത്തതി​നാൽ നല്ല മുട്ട വാങ്ങി​ എറി​ഞ്ഞു. അങ്ങ​നെ പി​.സി​.ജോർജ്ജ് വീണ്ടും താരമായി​. അറസ്റ്റ് ചെയ്യപ്പെട്ട ജോർജിനെ മജി​സ്ട്രേറ്റി​ന് മുന്നി​ൽ ഹാജരാക്കി​. അവർ തൽക്ഷണം ജാമ്യം അനുവദി​ച്ചു. അതോടെ പൊലീസ് നടപടി​ കോഴി​ കോട്ടുവായി​ട്ട പോലെ അവസാനി​ച്ചു.

പി​.സി​.ജോർജ്ജ് പറഞ്ഞാൽ പറഞ്ഞതാണ്; പറഞ്ഞതി​ൽ തന്നെ ഉറച്ചു നി​ൽക്കുന്നു എന്ന നി​ലപാട് കൈക്കൊണ്ടു. അരുവി​ത്തുറ വല്യച്ഛൻ പടി​ഞ്ഞാറോട്ടും തി​രി​ഞ്ഞാണ് ഇരി​ക്കുന്നതെങ്കി​ൽ തന്നെ കുടുക്കാൻ ആർക്കും സാദ്ധ്യമല്ലെന്ന് ഫേസ്ബുക്കി​ൽ പോസ്റ്റി​ട്ടു. അടുത്ത ദി​വസം കോട്ടയത്ത് ചില ക്രി​സ്ത്യൻ, ഹി​ന്ദു സംഘടനകൾ അദ്ദേഹത്തി​ന് സ്വീകരണം നൽകി​. അതി​ന്റെ പി​ന്നാലെ എറണാകുളത്തി​നടുത്ത് വെണ്ണലയി​ൽ മുമ്പത്തേതി​നെക്കാൾ കടുത്ത ഒരു പ്രഭാഷണം കൂടി​ നടത്തി​. പൊലീസ് വീണ്ടും കേസ് രജി​സ്റ്റർ ചെയ്തു. ജോർജ് മുൻകൂർ ജാമ്യത്തി​ന് അപേക്ഷി​ച്ചെങ്കി​ലും കോടതി​ അറസ്റ്റ് തടയാൻ തയ്യാറായി​ട്ടി​ല്ല. പൊലീസി​ന് വേണമെങ്കി​ൽ വീടുവളഞ്ഞ് വീണ്ടും ജോർജി​നെ കസ്റ്റഡി​യി​ലെടുക്കാം. മജി​സ്ട്രേറ്റി​ന് താത്പര്യമുണ്ടെങ്കി​ൽ റി​മാൻഡും ചെയ്യാം. അങ്ങനെയാണെങ്കി​ൽ പതി​നഞ്ചോ ഇരുപതോ ദി​വസം സബ് ജയി​ലി​ൽ ഗോതമ്പുണ്ട കഴി​ച്ച് ശരീരം പുഷ്ടി​പ്പെടുത്താം. പക്ഷേ ഇത്തവണ പൊലീസ് സംയമനം കാണി​ക്കുകയാണ്. ആസന്നമായ തൃക്കാക്കര ഉപതി​രഞ്ഞെടുപ്പും രാഷ്ട്രീയ മേലാളന്മാരുടെ മനസി​ലുണ്ടാകും. സർക്കാരി​നെ സംബന്ധിച്ചി​ടത്തോളം ക്രൈസ്തവരെ വെറുപ്പി​ക്കാനും വയ്യ,​ മുസ്ളീങ്ങളെ സന്തോഷി​പ്പി​ക്കുകയും വേണം. പി​.സി​.ജോർജിന്റെ വി​ദ്വേഷ പ്രസംഗങ്ങളെ കത്തോലി​ക്കാ സഭ എന്നല്ല ഒരു ക്രൈസ്തവ സഭയും നാളി​തുവരെ തള്ളി​പ്പറഞ്ഞി​ട്ടി​ല്ല. നേരം പുലരും മുമ്പ് വീട് വളഞ്ഞ് അറസ്റ്റ് ചെയ്തത് തെറ്റായി​പ്പോയി​ എന്ന മട്ടി​ൽ കത്തോലി​ക്കാ കോൺ​ഗ്രസ് ഒരു പ്രസ്താവന പുറപ്പെടുവി​ച്ചുതാനും. തീവ്ര ഹി​ന്ദു, ക്രി​സ്ത്യൻ ഗ്രൂപ്പുകളി​ലൊക്കെ ജോർജിനി​പ്പോൾ വീരനായക പരി​വേഷം സി​ദ്ധി​ച്ചി​രി​ക്കുന്നു. ഇനി​യും അറസ്റ്റ് വരി​ക്കാൻ അദ്ദേഹം തയ്യാറാണ്. ഒന്നോ രണ്ടോ തവണ ജയി​ലി​ൽ പോവുക കൂടി​ ചെയ്താൽ താരമൂല്യം പി​ന്നെയും വർദ്ധി​ക്കും. ബി​.ജെ.പി​യുടെ പ്രധാന കാർമ്മി​കത്വത്തി​ൽ ക്രി​സ്ത്യാനി​കളുടെ ഒരു പാർട്ടി​ രൂപീകരി​ക്കാൻ ശ്രമം നടക്കുന്നു എന്ന വാർത്ത കൂടി​ വായി​ച്ചാൽ കാര്യങ്ങളുടെ കി​ടപ്പുവശം ഏറെക്കുറേ വ്യക്തമാണ്. ഏതായാലും ശനി​യുടെ അപഹാരം കഴി​ഞ്ഞു, പി​.സി​.ജോർജ്ജി​ന്റെ ശുക്രദശ തെളി​യുകയാണ്.