
കൊച്ചി: തൃക്കാക്കരയിൽ തിരഞ്ഞെടുപ്പ് പൂരം കൊട്ടിക്കയറുന്നതിനിടെ അപ്രതീക്ഷിതമായെത്തിയ മഴ മുന്നണികൾക്ക് ആശങ്കയാകുന്നു. വോട്ടർമാരെ നേരിട്ടുകാണാനുള്ള നെട്ടോട്ടത്തിനാണ് അസാനി ചുഴലിക്കാറ്റ് കൊണ്ടുവന്ന മഴ തടസമാകുന്നത്.
പോളിംഗ് ദിനമായ മേയ് 31 വരെ നിലവിലുള്ള ചൂടുംചൂരും ചോരല്ലേയെന്ന പ്രാർത്ഥനയിലാണ് സ്ഥാനാർത്ഥികളും പാർട്ടികളും. കേന്ദ്രകാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ പ്രവചനം ഫലിച്ചാൽ തെക്കുപടിഞ്ഞാറൻ കാലവർഷം 22ന് കേരളത്തിലെത്തും. കനത്തമഴയും കാറ്റും വന്നാൽ പ്രചാരണത്തിന്റെ ചൂടുകുറയുമെന്നത് കട്ടായം. വീണുകിട്ടിയ അവസരം മുതലാക്കി പാർട്ടി ചിഹ്നവും മറ്റും ആലേഖനംചെയ്ത കുടയും മഴക്കോട്ടും ഇറക്കിയാലോ എന്ന് പാർട്ടികൾക്ക് ആലോചനയുണ്ട്.