
കൊച്ചി: കൊച്ചിയിലെ ആദ്യ വിമാനത്താവളവും നാവികസേനയുടെ ഏറ്റവും പഴയ എയർസ്‌റ്റേഷനുമായ ഐ.എൻ.എസ് ഗരുഡ സപ്തതിയിലേക്ക്. 1941ൽ ബ്രിട്ടീഷ് റോയൽ എയർഫോഴ്‌സിന്റെ പ്രവർത്തനങ്ങൾക്ക് പിന്തുണയേകാനായി കൊച്ചിയിൽ എയർഫീൽഡ് സ്ഥാപിച്ചതോടെയാണ് ഗരുഡയുടെ ചരിത്രം ആരംഭിക്കുന്നത്.
1943ൽ റോയൽ നേവി എയർസ്റ്റേഷനായി മാറി. 1952 ഒക്ടോബറിൽ പേര് വെണ്ടുരുത്തി 2 എന്നാക്കി. 1953 മേയ് 11ന് അന്നത്തെ പ്രതിരോധമന്ത്രി മഹാവീർ ത്യാഗിയാണ് ഐ.എൻ.എസ് ഗരുഡ എന്ന പേരിട്ട് കമ്മിഷൻ ചെയ്തത്. കമ്മഡോർ ജി.ഡഗ്ളസ് ആയിരുന്നു ആദ്യ കമാൻഡിംഗ് ഓഫീസർ. ഇപ്പോൾ നേവിയുടെ തന്ത്രപ്രധാന ഓപ്പറേഷൻ സ്റ്റേഷൻ കൂടിയാണിത്. പരിശീലന സ്കൂളുകളും ഇന്റലിജൻസ് കേന്ദ്രങ്ങളും റിപ്പയറിംഗ്ശാലകളും പരീക്ഷണസ്ഥാപനങ്ങളും ഇവിടെയുണ്ട്.
കൊച്ചിയുടെ ആദ്യ
വിമാനത്താവളം
1999വരെ കൊച്ചി വിമാനത്താവളം പ്രവർത്തിച്ചത് ഐ.എൻ.എസ് ഗരുഡയിലാണ്. നെടുമ്പാശേരി വിമാനത്താവളം വന്നപ്പോഴാണ് സിവിൽ വിമാനത്താവളം പ്രവർത്തനം നിറുത്തിയത്.
സതേൺ നേവൽ കമാൻഡിന് കീഴിലെ ഏക നാവിക എയർസ്റ്റേഷൻ കൂടിയായ ഐ.എൻ.എസ് ഗരുഡ ഐ.ഒ.ആർ ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. 2018ലെ പ്രളയത്തിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചും സ്റ്റേഷൻ പ്രശംസനേടി. ഗരുഡയുടെ 69-ാം വാർഷികാഘോഷം കഴിഞ്ഞദിവസം നടന്നു. കമാൻഡിംഗ് ഓഫീസർ വി.ബി.ബെല്ലാരി മുഖ്യാതിഥി ആയിരുന്നു.