ആലുവ: തിന്മകൾക്കെതിരെ പോരാടിയ ഒരു ധീരനായിരുന്നു ഫാ. മണ്ണാറപ്രായിലച്ചനെന്ന് ഗോവ ഗവർണ്ണർ പി.എസ്. ശ്രീധരൻപിള്ള അഭിപ്രായപെട്ടു. റവ. മണ്ണാറപ്രായിൽ കോർ എപ്പിസ്‌കോപ്പ ഫൗണ്ടേഷൻ പ്രവർത്തനോദ്ഘാടനം ഓൺലൈൻ മുഖേന നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം. മതമൈത്രിയുടെ ഒരു നല്ല വക്താവായിരുന്നു കോർ എപ്പിസ്‌കോപ്പ എന്നും അദ്ദേഹം ചൂണ്ടികാട്ടി.

അനുസ്മരണ സമ്മേളനം പരിശുദ്ധ ബസേലിയോസ് മാർത്തോമാ മാത്യൂസ് ത്യതീയൻ കാതോലിക്ക ബാവാ ഉദ്ഘാടനം ചെയ്തു. യൂഹാനോൻ മാർ പോളികാർപോസ് മെത്രാപ്പോലീത്ത അദ്ധ്യക്ഷത വഹിച്ചു. മണ്ണാറപ്രായിൽ അച്ചന്റെ ജീവിതം, ഓർമ്മ, അനുഭവം എന്നിവ ആസ്പതമാക്കി 101 വക്തികൾ രചിച്ച പുസ്തകം ഡോ. ശശി തരൂർ എം.പി ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയിക്ക് നൽകി പ്രകാശനം ചെയ്തു. ബെന്നി ബഹനാൻ എം.പി, ജസ്റ്റീസ് സുരേന്ദ്രമോഹൻ, അൻവർ സാദത്ത് എം.എൽ.എ, നഗരസഭ ചെയർമാൻ എം.ഒ. ജോൺ, ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മ ചൈതന്യ, എ.എം. യൂസെഫ്, അഡ്വ. എം. ജയശങ്കർ, പ്രൊഫ. ബേബി എം. വർഗീസ്, ഡോ. പോൾ മണലിൽ, ലിജോ മണ്ണാറപ്രായിൽ എന്നിവർ സംസാരിച്ചു.

കോർ എപ്പിസ്‌കോപ്പയുടെ മൂന്നാം ഓർമ്മ പെരുന്നാൾ അദ്ദേഹം കബറടങ്ങിയിരിക്കുന്ന ആലുവാ ത്യക്കുന്നത്ത് സെമിനാരിയിൽ പരിശുദ്ധ ബസേലിയോസ് മാർത്തോമാ മാത്യൂസ് ത്യതീയൻ കാതോലിക്ക ബാവായുടെ മുഖ്യ കാർമ്മികത്വത്തിൽ നടത്തി. യൂഹാനോൻ മാർ പോളികാർപോസ് സഹ കാർമ്മികത്വം വഹിച്ചു.