
 ഇന്നും നാളെയും ഡ്രൈഡേ
തൃക്കാക്കര: ഡെങ്കിപ്പനി പടരുന്ന തൃക്കാക്കര നഗരസഭാ പ്രദേശത്ത് ഇന്നും നാളെയും ഡ്രൈഡേ. ആശാവർക്കർമാരുടെ നേതൃത്വത്തിൽ നാലുപേരുടെ സംഘം വീടുകളിലെത്തി കൊതുകുകളുടെ ഉറവിടം നശിപ്പിക്കും. നഗരസഭാ ചെയർപേഴ്സൺ അജിത തങ്കപ്പന്റെ മകൻ ഉൾപ്പെടെ രണ്ടുപേർ ഡെങ്കിപ്പനി ബാധിച്ച് അടുത്തിടെ മരണപ്പെട്ടിരുന്നു. വിവിധ വാർഡുകളിൽ എഴുപതോളം കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഇന്നലെ കാക്കനാട് കമ്മ്യൂണിറ്റി ഹാളിൽ ചേർന്ന യോഗത്തിൽ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ റാഷിദ് ഉളളംപളളി, കൗൺസിലർമാരായ വി.ഡി.സുരേഷ്, രജനി ജീജൻ,
ജില്ലാ ആരോഗ്യ സെക്ടറൽ ഹെൽത്ത് ഇൻസ്‌പെക്ടർ ജോഷി, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാർ, ആശാവർക്കർമാർ, ആരോഗ്യ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.
പൊതുസ്ഥലങ്ങൾ അണുവിമുക്തമാക്കും. ജില്ലാ ആരോഗ്യവിഭാഗം ലഖുലേഖകൾ വീടുകളിൽ വിതരണം ചെയ്യും. നാഷണൽ ഡെങ്കിഡേയായ തിങ്കളാഴ്ച ആശാവർക്കർമാർ, ആരോഗ്യ പ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിൽ വാർഡുതല സർവേ നടത്തും.
തൃക്കാക്കരയുടെ കിഴക്കൻ മേഖലയിലാണ് ആദ്യഘട്ടത്തിൽ പടർന്നുപിടിച്ചതെങ്കിൽ ഇപ്പോൾ തെക്ക് -പടിഞ്ഞാറ് മേഖലകളിലേക്കും പനി പടർന്നിട്ടുണ്ട്. ഇന്നലെവരെ 80 പേർക്ക് ഡെങ്കി ബാധിച്ചതായാണ് ആരോഗ്യ വകുപ്പിന്റെ കണക്ക്. സ്വകാര്യ ആശുപത്രിയിലെ കണക്കുകൾ ലഭ്യമായിട്ടില്ല.
ആശങ്ക പടരുന്നു
ഏറ്റവും അധികം ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്തത് കാക്കനാട് വാർഡിലാണ്, 43. മാവേലിപ്പുറം വാർഡിൽ ഏഴ്, കുഴിക്കാട്ടുമൂല വാർഡിൽ 15, ഇടച്ചിറ വാർഡിൽ നാല്. നേരത്തെ ഹെൽത്ത് സെന്റർ, കളത്തി ക്കുഴി, ചിറ്റേത്തുകര, കണ്ണങ്കേരി, തുതിയൂർ, കൊല്ലംകുടിമുഗൾ, മലേപ്പള്ളി, കമ്പിവേലി തുടങ്ങി ഭൂരിഭാഗം വാർഡുകളിലും ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്തിരുന്നു.