കൊച്ചി: തൃക്കാക്കര വാമനമൂർത്തി ക്ഷേത്രം തൃക്കാക്കര മണ്ഡലത്തിൽ ചേർക്കണമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ ആവശ്യപ്പെട്ടു. ബി.ജെ.പി സംസ്ഥാന നേതൃയോഗത്തിൽ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തെ ഒന്നിപ്പിക്കുന്ന തൃക്കാക്കര വാമനമൂർത്തിയുടെ ആഘോഷമാണ് തിരുവോണം. എന്നാൽ ചില രാഷ്ട്രീയ ഇടപെടൽമൂലം ക്ഷേത്രം നിൽക്കുന്ന പ്രദേശം തൃക്കാക്കരയിൽ നിന്ന് മാറ്റപ്പെട്ടു. സ്ഥലനാമങ്ങൾക്കും നമ്മുടെ സംസ്‌ക്കാരത്തിനും ഒരു വിലയും കൊടുക്കാത്ത സർക്കാരാണ് കേരളം ഭരിക്കുന്നത്. പഴയ പ്രൗഢമായ കേരളം വീണ്ടെടുക്കാനാണ് ബി.ജെ.പി പോരാടുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.

തൃക്കാക്കരയിൽ വീടില്ലാത്ത ആയിരങ്ങളുണ്ട്. വോട്ട്ബാങ്ക് അല്ലാത്തതിനാൽ സർക്കാർ അവരെ അവഗണിക്കുകയാണ്. കാക്കനാട് ഡെങ്കിപ്പനി പടരുകയാണ്. ബ്രഹ്മപുരത്തെ മാലിന്യപ്രശ്‌നം തീർക്കാനും അധികൃതർക്ക് സാധിക്കുന്നില്ല. തൃക്കാക്കരയിൽ മത്സരിക്കുന്നവരിൽ ഒരേയൊരു പൊതുപ്രവർത്തകനായ സ്ഥാനാർത്ഥി എ.എൻ. രാധാകൃഷ്ണനാണ്. മേയ് 31ന് ശേഷവും രാധാകൃഷ്ണൻ എറണാകുളത്ത് ഉണ്ടാവും. ജാതിയും മതവും നോക്കി സ്ഥാനാർത്ഥികളെ നിർത്തിയവർ ഇപ്പോൾ അവരുടെ സ്ഥാനാർത്ഥികൾ എവിടെയെന്ന് വ്യക്തമാക്കണമെന്നും സുരേന്ദ്രൻ പറഞ്ഞു.

കേരള പ്രഭാരി സി.പി. രാധാകൃഷ്ണൻ യോഗം ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ തൃക്കാക്കര മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി എ.എൻ. രാധാകൃഷ്ണന് സ്വീകരണം നൽകി. മുൻ സംസ്ഥാന അദ്ധ്യക്ഷൻമാരായ ഒ. രാജഗോപാൽ, പി.കെ. കൃഷ്ണദാസ്, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ജോർജ് കുര്യൻ, എം.ടി. രമേശ്, സി. കൃഷ്ണകുമാർ, പി. സുധീർ, എറണാകുളം ജില്ലാ പ്രഭാരിയും സംസ്ഥാന സെക്രട്ടറിയുമായ എസ്. സുരേഷ് എന്നിവർ സംസാരിച്ചു.