കോലഞ്ചേരി: മഴുവന്നൂർ പഞ്ചായത്ത് മണ്ണൂർ ടൗണിൽ ആരോഗ്യ വിഭാഗം മിന്നൽ പരിശോധന നടത്തി. 6 സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുത്തു. കാലഹാരണപ്പെട്ട ലൈസൻസ്, ഹെൽത്ത്കാർഡ് ഇല്ലാത്ത ജീവനക്കാരെ കൊണ്ട് ഭക്ഷണം കൈകാര്യം ചെയ്യിക്കുക, മാലിന്യ സംസ്‌കരണം നടത്താതിരിക്കുക തുടങ്ങിയ ക്രമക്കേടുകൾ കണ്ടെത്തി.

മണ്ണൂർ കവലയിലെ ഫിഷ് ഹബ് എന്ന സ്ഥാപനത്തിൽ നിന്ന് പഴകിയ മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചു. ഹെൽത്ത് ഇൻസ്‌പെക്ടർ പി.വി. ഷാനിംഗ്സ്, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ ലെനിൻ ,സാബു എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. പരിശോധനകൾ വരും ദിവസങ്ങളിലും തുടരുമെന്ന് മെഡിക്കൽ ഓഫീസർ ശ്രീലേഖ ദിവാകർ അറിയിച്ചു.