കൊച്ചി: 'എന്റെ അമ്മയും അയൽപക്കത്തെ അമ്മമാരും' എന്നപേരിൽ ചിത്രം വരച്ച് ലോകത്തെ വിസ്മയിപ്പിച്ച ബാലപ്രതിഭ അനുജാത് സിന്ധു വിനയ് ലാൽ പുതിയൊരുകൂട്ടം പെയിന്റിംഗുകളുമായി നഗരത്തിൽ. 20 വരെ കൊച്ചി ഡർബാർ ഹാൾ ഡി ഗാലറിയിലാണ് 'എനിക്കു ചുറ്റും എന്തെന്തു കാഴ്ചകൾ!' എന്നു പേരിട്ട, ചിത്രപ്രദർശനം.
40 അടി കാൻവാസിൽ കുട്ടികൾ അവരുടെ സ്വതന്ത്ര കലാസൃഷ്ടികൾ ആവിഷ്‌കരിക്കും. ഇന്ന് വൈകിട്ട് 4 ന് 'അനുജാതിനൊപ്പം വരക്കാം' എന്ന പരിപാടിയുമുണ്ട്. ചിത്രകാരനും നടനുമായ മിനോൺ ജോണിന്റെ കലാകുടുംബവുമായുള്ള കൂടിക്കാഴ്ചയുമുണ്ട്. പ്രദർശനദിവസങ്ങളിൽ ഉച്ചക്കുശേഷം നടക്കുന്ന പരിപാടികളിൽ ചിത്രകാരനും ഭിന്നശേഷി വ്യക്തിത്വവുമായ അൻജൻ സതീഷും കലാനുഭവങ്ങൾ പങ്കിടും. അവസാനദിവസം കൊച്ചിയിലെ നൂറുകണക്കിനു കുട്ടികൾ ഒത്തുചേരുന്ന 'കലയുടെ സ്വാതന്ത്ര്യ പ്രഖ്യാപനം' ബാലപ്രതിഭ സിദ്ധാർഥ് ഉദ്ഘാടനം ചെയ്യും. അമ്മമാരുടെ കൂലികിട്ടാപ്പണികളെ കോർത്തിണക്കി, 'എന്റെ അമ്മയും അയൽപക്കത്തെ അമ്മമാരും' എന്ന പേരിൽ ഓരോവീട്ടമ്മയും നിരന്തരം ചെയ്യുന്ന വീട്ടുജോലികൾ ഓരോന്നായി കാൻവാസിൽ പകർത്തി ലോകത്തെ വിസ്മയിപ്പിച്ച കലാകാരനാണ് അനുജാത് സിന്ധു വിജയ് ലാൽ.