
ആലുവ: അന്വേഷണമികവിൽ കുറ്റവാളികളെ വേഗത്തിൽ പിടികൂടിയ പൊലീസ് ഉദ്യോഗസ്ഥരെ ജില്ലാ പൊലീസ് പൊലീസ് മേധാവി കെ. കാർത്തിക് അനുമോദന പത്രം നൽകി ആദരിച്ചു. ചെങ്ങമനാട് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കവർച്ച കേസിലെയും പെരുമ്പാവൂർ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കൊലപാതക കേസിലെയും പ്രതികളെ പിടികൂടിയ അന്വേഷണ സംഘത്തിനും ഇവരെ സഹായിച്ച സൈബർ സെൽ ഉദ്യോഗസ്ഥർക്കുമാണ് അനുമോദന പത്രം നൽകിയത്.
മാർച്ച് 20 ന് പുലർച്ചെ ചെങ്ങമനാട് പൊലീസ് സ്റ്റേഷൻ പരിധിയിലെ കോട്ടായിയിലുള്ള പെട്രോൾ പമ്പിൽ നിന്ന് പണം സൂക്ഷിച്ചിരുന്ന ബാഗ് തട്ടിയെടുത്ത പ്രതികളായ മൂന്നു പേരെയും രണ്ടാഴ്ച മുമ്പ് കോഴിക്കോട് നിന്ന് അറസ്റ്റ് ചെയ്തിരുന്നു. ഏപ്രിൽ ഒന്നിന് രാത്രി പെരുമ്പാവൂർ കണ്ടന്തറയിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഒളിവിൽ പോയ അന്യസംസ്ഥാന തൊഴിലാളിയെ ആസാമിലെ ജൂരിയായിൽ നിന്ന് പെരുമ്പാവൂർ പൊലീസ് രണ്ടാഴ്ച മുമ്പ് പിടികൂടി. ഈ രണ്ട് കേസുകളിലെയും അന്വേഷണ ഉദ്യോഗസ്ഥരായ ചെങ്ങമനാട് സ്റ്റേഷനിലെ ഇൻസ്‌പെക്ടർ എസ്.എം. പ്രദീപ് കുമാർ, എസ്.ഐമാരായ പി.ജെ. കുര്യാക്കോസ്, പി.ബി. ഷാജി. എ.എസ്.ഐമാരായ എ.ബി. സിനിമോൻ, ഇ.കെ. രാജേഷ് കുമാർ, സി.പി.ഒമാരായ ലിൻസൻ പൗലോസ്, കെ.പി. സെബാസ്റ്റിയൻ, കെ.ആർ. കൃഷ്ണരാജ്, കെ.എച്ച്. സജിത്ത്, ജോയ് വർഗീസ്, പെരുമ്പാവൂർ പൊലീസ് സ്റ്റേഷനിലെ ഇൻസ്‌പെക്ടർ ആർ.രഞ്ജിത്ത്, എസ്.ഐ ബെർട്ടിൻ ജോസ്, എ.എസ്.ഐ എൻ.കെ. ബിജു, എസ്.സി.പി.ഒ മാരായ നൗഷാദ്, ചിഞ്ചു കെ. മത്തായി, സൈബർ സെല്ലിലെ എം.എസ്. സിജു, ജോജോ ജോർജ്ജ് എന്നിവർക്കാണ് അനുമോദന പത്രം ലഭിച്ചത്.