
കൊച്ചി: ആം ആദ്മി പാർട്ടി ദേശീയ കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാൾ ഇന്ന് കൊച്ചിയിലെത്തും. കേരളത്തിലെ പാർട്ടി നേതാക്കളുമായി ചർച്ച നടത്തുന്ന അദ്ദേഹം നാളെ കിഴക്കമ്പലത്ത് ട്വന്റി20യുടെ പൊതുസമ്മേളനത്തിൽ പ്രസംഗിക്കും.
ഇന്ന് രാത്രി 7.10ന് വിമാനത്തിൽ കൊച്ചിയിലെത്തും. വെല്ലിംഗ്ഡൺ ഐലൻഡിലെ താജ് മലബാർ ഹോട്ടിലാണ് താമസം. ഞായർ രാവിലെ ആം ആദ്മി നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. പാർട്ടിയുടെ അംഗത്വവിതരണവും ഉദ്ഘാടനം ചെയ്യും. വൈകിട്ട് 4ന് കിഴക്കമ്പലത്തെ ട്വന്റി20 ഭക്ഷ്യ സുരക്ഷ മാർക്കറ്റ്, ഗോഡ്‌സ് വില്ല എന്നിവ സന്ദർശിക്കും. കിറ്റെക്‌സ് ഗാർമെന്റ്സ് ഗ്രൗണ്ടിൽ വൈകിട്ട് 5ന് നടക്കുന്ന ട്വന്റി 20 ജനസംഗമത്തിൽ പ്രസംഗിക്കും. രാത്രി 9ന് ഡൽഹിക്ക് മടങ്ങും.
ആം ആദ്മി പാർട്ടിയും ട്വന്റി 20യും സഹകരിക്കുന്നത് സംബന്ധിച്ച ചർച്ചകൾ കെജ്‌രിവാൾ നടത്തും. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ സ്വീകരിക്കേണ്ട നിലപാട് അദ്ദേഹം പ്രഖ്യാപിച്ചേക്കും. അഴിമതിരഹിത ആധുനിക കേരളം പടുത്തുയർത്തുന്നതിന്റെ ചുവടുവയ്പാണ് കെജ്‌രിവാളിന്റെ സന്ദർശനമെന്ന് ട്വന്റി 20 പാർട്ടി പ്രസിഡന്റ് സാബു ജേക്കബ് പറഞ്ഞു.