പെരുമ്പാവൂർ: ചലച്ചിത്ര അക്കാഡമി അംഗമായി തിരഞ്ഞെടുത്ത മമ്മി സെഞ്ചറിക്ക് ജന്മ നാടിന്റെ സമാദര സമർപ്പണവും പൗര സ്വീകരണവും ഇന്ന് വൈകിട്ട് ആറിന് പെരുമ്പാവൂർ ഫാസ് ആഡിറ്റോറിയത്തിൽ നടക്കും. നങ്ങേലി ആയുർവേദ കോളജിലെ വിദ്യാർത്ഥി പ്രതിഭകളുടെ സാദരം സമാദരം നൃത്തത്തോടെ നടക്കുന്ന കലയുടെ അമ്പതാം വർഷം സംഗമത്തിന് എൻ.സി.പി. സംസ്ഥാന പ്രസിഡന്റ് പി.സി ചാക്കോ ഭദ്ര ദീപം തെളിക്കും. സ്വാഗത സംഘം ചെയർമാൻ ഡോ. വിജയൻ നങ്ങേലിയുടെ അദ്ധ്യക്ഷത വഹിക്കും. താര പ്രമുഖർ പങ്കെടുക്കുന്ന 'ഞങ്ങളറിയുന്ന മമ്മി സെഞ്ച്വറി' സൗഹൃദം വയ്ക്കലും പ്രഭാഷണവും നടക്കും. ജന്മനാടിന്റെ സമാദര ശില്പം ചലച്ചിത്ര താരം കവിയൂർ പൊന്നമ്മ സമർപ്പിക്കും.
അഡ്വ. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ. പൊന്നാട അണിയിക്കും. പ്രശസ്തി പത്ര സമർപ്പണം മുനിസിപ്പൽ ചെയർമാൻ ടി.എം. സക്കീർ ഹുസൈൻ, മുഖ്യപ്രഭാഷണം ബെന്നി ബഹനാൻ എം.പി, ശില്പവും പ്രശസ്തിപത്രവും സ്വാഗത സംഘം കൺവീനർ നിധീഷ് മുരളി, ട്രഷറർ വി.എം. ഹംസ എന്നിവർ ചേർന്ന് അതിഥികൾക്കു കൈമാറും. മമ്മി സെഞ്ച്വറിയുടെ മറുപടി പ്രസംഗത്തിനു ശേഷം സ്വാഗത സംഘം വർക്കിംഗ് ചെയർമാൻ ഇ.വി. നാരായണൻ സമാപന പ്രഭാഷണം നടത്തും. ജനൽ സെക്രട്ടറി ഡോ. റഫീക്ക് റോയൽ സ്വാഗതവും റിസപ്ഷൻ ചെയർമാൻ ഡോ.ഡീക്കൺ ടോണി മേതല നന്ദിയും പറയും. തുടർന്ന് പ്രമുഖർ പങ്കെടുത്ത കലാസന്ധ്യ അരങ്ങേറും.