mammukka

തൃക്കാക്കര: മമ്മൂട്ടി,​ ദുൽഖർ സൽമാൻ,​ കാവ്യാ മാധവൻ, സിദ്ദിഖ്, ജനാർദ്ദനൻ, ഹരിശ്രീ അശോകൻ, ബാലചന്ദ്ര മേനോൻ.... ഏതെങ്കിലും സിനിമയിലെ അഭിനേതാക്കളുടെ പട്ടികയല്ലിത്.. തൃക്കാക്കരയിൽ വോട്ടുള്ള മലയാള സിനിമാതാരങ്ങളുടെ ലിസ്റ്റാണ്.
സിനിമാ രംഗത്തുനിന്നുള്ളവരുടെ പട്ടിക ഇനിയും നീളും. കുഞ്ചൻ,​ ബോബൻ ആലുമ്മൂടൻ, ഭാമ, റിമ കല്ലിങ്കൽ, നിഷ സാരംഗ്, സജിത മഠത്തിൽ, ലക്ഷ്മി പ്രിയ, സംവിധായകനും അഭിനേതാവുമായ ലാൽ,​ ആഷിഖ് അബു, കെ.ജി.ജോർജ്, സംഗീത സംവിധായകരായ ബിജിപാൽ, ഷാൻ റഹ്‌മാൻ തുടങ്ങിയവർ മണ്ഡലത്തിലെ താമസക്കാരാണ്.

മമ്മൂട്ടിയും ദുൽഖറും പൊന്നുരുന്നി സി.കെ.എസ് സ്കൂളിലെ ബൂത്തിലാണ് വോട്ട് ചെയ്യുക. കാവ്യ വെണ്ണല ഗവ.ഹൈസ്കൂളിലും. സംവിധായകൻ രഞ്ജിത്ത് വാഴക്കാല ഒലിക്കുഴിയിലെ 137-ാം നമ്പർ ബൂത്തിൽ. സംവിധായകൻ ലാൽ പടമുകളിലെ 128-ാം നമ്പർ ബൂത്തിൽ. നടൻ സിദ്ദിഖും മകൻ ഷഹീൻ സിദ്ദിഖും പാലച്ചുവട് 142-ാം നമ്പർ ബൂത്തിൽ. റിമയും ആഷിഖ് അബുവും കരുമക്കാടും ഹരിശ്രീ അശോകൻ ചെമ്പുമുക്കിലെ 132-ാം നമ്പർ ബൂത്തിലും വോട്ട് ചെയ്യും. ഭാമയ്ക്ക് വോട്ട് ഭാരത് മാതാ കോളേജിൽ. സജിത മഠത്തിൽ, ബോബൻ ആലുമ്മൂടൻ, നിഷ സാരംഗ് എന്നിവർ ഇടച്ചിറ, തെങ്ങോട് എന്നിവിടങ്ങളിലാണ് വോട്ട് ചെയ്യുക.

രാഷ്‌ട്രീയ,​ സാംസ്കാരിക,​ വ്യാവസായിക രംഗത്തെ ഒട്ടേറെ പ്രമുഖരും തൃക്കാക്കരയിൽ താമസിക്കുന്നുണ്ട്. പലർക്കും വോട്ട് ഇവിടെയല്ല. മുതിർന്ന കോൺഗ്രസ് നേതാവ് വയലാർ രവി വാഴക്കാലയിലെ മകളുടെ വീട്ടിലാണ് താമസമെങ്കിലും വോട്ട് ചേർത്തലയിലാണ്. മുൻ എം.എൽ.എ ഡാെമിനിക് പ്രസന്റേഷൻ, വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി, റിട്ട.ജസ്റ്റിസ് കെമാൽ പാഷ, സി.ആർ.നീലകണ്ഠൻ, സാഹിത്യകാരന്മാരായ ബാലചന്ദ്രൻ ചുള്ളിക്കാട്, വിജയലക്ഷ്മി, സുസ്മേഷ് ചന്ദ്രോത്ത്, കാർട്ടൂണിസ്റ്റ് സുകുമാർ തുടങ്ങിയവരും തൃക്കാക്കര നിവാസികളാണ്.