bjp

കൊച്ചി: തൃക്കാക്കരയിൽ യു.ഡി.എഫും എൽ.ഡി.എഫും തമ്മിൽ സൗഹൃദമത്സരമാണെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ പറഞ്ഞു. കെ.വി.തോമസ് പ്രവർത്തിക്കുന്നത് ഈ ധൈര്യത്തിലാണ്. വാളയാർ കഴിഞ്ഞാൽ സി.പി.എമ്മും കോൺഗ്രസും ഒരുമിച്ചാണെന്ന് അദ്ദേഹം പറഞ്ഞു.

എൻ.ഡി.എ കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്തെ കടക്കെണിയിലാക്കി നേതാക്കൾ കമ്മിഷൻ അടിക്കുന്ന വികസനമാണ് എൽ.ഡി.എഫിന്റേത്. വികസനത്തിന്റെ പേരിൽ ജനങ്ങളെ ദ്രോഹിക്കുകയാണ് പിണറായി സർക്കാർ. കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ശമ്പളവും പെൻഷനും കൊടുക്കാൻ കഴിയാത്ത സർക്കാരാണ് ഒരുലക്ഷം കോടി രൂപ ചെലവിൽ സിൽവർലൈൻ നിർമ്മിക്കുമെന്ന് പറയുന്നത്.
പത്താം ക്ലാസുകാരിയെ ഇസ്ലാം പണ്ഡിതൻ അപമാനിച്ചിട്ടും വിദ്യാഭ്യാസമന്ത്രിയും മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും പ്രതികരിച്ചില്ല. പി.സി.ജോർജിന് ഒരു നീതി മറ്റുള്ളവർക്ക് വേറെ രീതിയെന്നാണ് സർക്കാരിന്റെ നയമെന്നും വി. മുരളീധരൻ പറഞ്ഞു.

എൻ.ഡി.എ ചെയർമാൻ കെ.സുരേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. ബി.ജെ.പി കേരള പ്രഭാരി സി.പി.രാധാകൃഷ്ണൻ, ബി.ഡി.ജെ.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.പത്മകുമാർ, നാഷണലിസ്റ്റ് കേരള കോൺഗ്രസ് പ്രസിഡന്റ് കുരുവിള മാത്യൂസ്, ജെ.ഡി.യു അദ്ധ്യക്ഷൻ എം.മെഹബൂബ്, കാമരാജ് കോൺഗ്രസ് അദ്ധ്യക്ഷൻ വിഷ്ണുപുരം ചന്ദ്രശേഖരൻ, ബി.ജെ.പി മുൻസംസ്ഥാന അദ്ധ്യക്ഷന്മാരായ ഒ.രാജഗോപാൽ, സി.കെ.പത്മനാഭൻ, പി.കെ.കൃഷ്ണദാസ്, കുമ്മനം രാജശേഖരൻ, സ്‌പൈസസ് ബോർഡ് ചെയർമാൻ എ.ജി.തങ്കപ്പൻ, ബി.ഡി.ജെ.എസ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.എ.ഉണ്ണികൃഷ്ണൻ, ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ജോർജ് കുര്യൻ, എം.ടി.രമേശ്, സി.കൃഷ്ണകുമാർ, പി.സുധീർ, സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ.കെ.എസ്.രാധാകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.