മട്ടാഞ്ചേരി: ഭക്ഷ്യവകുപ്പിന്റെ കൊച്ചി എൻ.എഫ്.എസ്.സി ഗോഡൗണിൽ അരി, വെളിച്ചെണ്ണ എന്നിവയിൽ കുറവ് കണ്ടെത്തിയതിനെ തുടർന്ന് മൂന്ന് താത്കാലിക ജീവനക്കാരെ ജോലിയിൽ നിന്ന് മാറ്റിയതിനെതിരെ പ്രതിഷേധം ശക്തം.

ഭക്ഷ്യവകുപ്പ് കൈകാര്യം ചെയ്യുന്ന സി.പി.ഐയുടെ നേതാക്കൾ തന്നെ പ്രതിഷേധവുമായി രംഗത്തുണ്ട്. മാറ്റി നിറുത്തപ്പെട്ട ജീവനക്കാർക്ക് നോട്ടീസ് നൽകുകയോ വിശദീകരണം തേടുകയോ ചെയ്തിട്ടില്ലെന്ന് ഇവർ പറയുന്നു. ഇവരെ ബലിയാടാക്കി കുറ്റക്കാരെ രക്ഷിക്കാനുള്ള നിക്കമാണ് നടക്കുന്നതെന്ന ആരോപണവുമുണ്ട്.

സംഭവത്തിൽ ഒരാളെ സ്ഥലം മാറ്റിയിരുന്നു. കുറ്റക്കാരെന്ന് ആരോപണം നേരിടുന്ന രണ്ട് വനിതാ ജീവനക്കാർ ഇപ്പോഴും ജോലിയിൽ തുടരുന്നു. ക്രമക്കേടുകളിൽ നടപടി നേരിട്ട ജീവനക്കാരനടക്കം മൂന്ന് പേർക്ക് പങ്കുണ്ടെന്നാണ് തൊഴിലാളി സംഘടനകൾ പറയുന്നത്. ഇതിൽ ഒരാൾ നേരത്തേ ചായപ്പൊടി തിരിമറിയിൽ നടപടി നേരിട്ടതാണ്.

റേഷൻ കിറ്റുമായി ബന്ധപ്പെട്ട് കൊച്ചി ഡിപ്പോയിൽ ഏഴരലക്ഷം രൂപയുടെ ചരക്ക് തിരിമറി ആരോപണത്തിന് പിന്നാലെയാണ് സ്റ്റോക്കെടുപ്പിൽ കുറവ് കണ്ടെത്തിയതെന്നത് ഗൗരവമായാണ് ഭക്ഷ്യവകുപ്പ് കാണുന്നത്. താത്കാലിക ജീവനക്കാരെ മാറ്റിനിറുത്തിയ നടപടിക്കെതിരെ ഇടപെടുമെന്ന് സി.പി.ഐ കൊച്ചി മണ്ഡലം സെക്രട്ടറി കെ.കെ ഭാസ്കരൻ പറഞ്ഞു.