വൈപ്പിൻ: ഗോശ്രീ ബസുകളുടെ നഗരപ്രവേശനം ആവശ്യപ്പെട്ട് ഹൈക്കോടതി ജംഗ്ഷനിൽ നാലാംഘട്ട സമര പ്രഖ്യാപനസമ്മേളനം നടന്നു. ഗോശ്രീ മനുഷ്യാവകാശ സംരക്ഷണ സമിതി ചെയർമാൻ പോൾ ജെ . മാമ്പിള്ളി ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രിക്ക് നൽകാനായി ഒപ്പുശേഖരണവും നടത്തി.
ഗോശ്രീ പാലം ഗതാഗതത്തിനായി തുറന്ന് പതിനെട്ട് വർഷം കഴിഞ്ഞിട്ടും വൈപ്പിൻ മേഖലയിൽ നിന്നുള്ള ബസുകൾക്ക് നഗരപ്രവേശനം അനുവദിക്കാത്തതിൽ പ്രതിഷേധിച്ചായിരുന്നു സമരം. പാലം വഴിയുള്ള ബസുകൾക്ക് ഹൈക്കോടതി ജംഗ്ഷൻ വരെ മാത്രമേ പ്രവേശനമുള്ളു. പാലങ്ങളുടെ ഉദ്ഘാടനത്തിന് ശേഷം ഉടൻ തന്നെ വൈപ്പിൻ കരയിലെ 150 ഓളംവരുന്ന സ്വകാര്യ ബസുകൾ നഗരത്തിൽ പ്രവേശിച്ച് കലൂർ, കാക്കനാട്, തൃപ്പൂണിത്തുറ, തേവര പള്ളുരുത്തി എന്നിവിടങ്ങളിലേക്ക് സർവ്വീസ് നീട്ടുമെന്നായിരുന്നു നാട്ടുകാരുടെ കണക്ക് കൂട്ടൽ. എന്നാൽ പാലങ്ങളിലൂടെ കടന്ന് തൊട്ടടുത്തുള്ള ഹൈക്കോടതിക്ക് മുന്നിൽ സർവീസ് അവസാനിപ്പിക്കാനായിരുന്നു നിയോഗം.
സർക്കാരിന്റെ നിർദ്ദേശമനുസരിച്ച് ബസുകളുടെ നഗരപ്രവേശം സംബന്ധിച്ച് പഠനം നടത്തിയ നാറ്റ്പാക് റിപ്പോർട്ട് അനുസരിച്ച് നഗരങ്ങളിലെ വിവിധ ഭാഗങ്ങളിലേക്ക് വൈപ്പിൻ-ഗോശ്രീ ബസുകൾക്ക് സർവീസ് നടത്താവുന്നതാണ്. നഗരപ്രവേശം ഉടൻ സാദ്ധ്യമാക്കുമെന്ന് മന്ത്രിമാരും ജനപ്രതിനിധികളടക്കമുള്ളവർ പലവട്ടം ഉറപ്പുനൽകിയെങ്കിലും ഇതുവരെ നടപടിയിയാല്ല. സിറ്റി പൊലീസ്, ജില്ലാ മോട്ടോർ വാഹന വകുപ്പ് അധികൃതരുടെ തടസവാദങ്ങളാണ് നഗരപ്രവേശം മുടക്കിയത്.
നിയമസഭാ തിരഞ്ഞെടുപ്പ് വരുമ്പോഴൊക്കെ ഇരുമുന്നണികളും പ്രകടന പത്രികയിൽ നഗര പ്രവേശം ഉറപ്പ് നൽകുകയാണ് പതിവ്. ഏറ്റവും ഒടുവിൽ വിഷയം കെ. എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ നിയമസഭയിൽ പ്രശ്‌നം ഉന്നയിച്ചപ്പോൾ സാങ്കേതിക തടസങ്ങൾ ചൂണ്ടികാട്ടി നഗരപ്രവേശം എളുപ്പമല്ലെന്നുള്ള മറുപടിയാണ് ലഭിച്ചത്. സ്വകാര്യ ബസുകൾക്ക് പകരം കെ.എസ്.ആർ.ടി.സി ബസുകൾ വൈപ്പിൻ മേഖലയിലേയ്ക്ക് അനുവദിച്ചു. എന്നാൽ പടിപടിയായി ബസുകളുടെ എണ്ണം കുറഞ്ഞു. കഴിഞ്ഞ സർക്കാരിന്റെ കാലത്ത ഗതാഗത കമ്മിഷണർ വൈപ്പിനിലെത്തി മുഴുവൻ ജനപ്രതിനിധികളും പങ്കെടുത്ത യോഗത്തിൽ ബസുകളുടെ നഗര പ്രവേശത്തിന് ഉടൻ നടപടിയുണ്ടാകുമെന്ന് ഉറപ്പു നൽകിയിരുന്നു. കൂടാതെ എല്ലാ ഗ്രാമപഞ്ചായത്തുകളും നേതൃത്വം നൽകി മുഖ്യമന്ത്രിക്ക് ഭീമഹർജി നൽകി. മുഖ്യമന്ത്രിയും അനുഭാവപൂർണമായ നടപടി സർവകക്ഷി പ്രതിനിധി സംഘത്തിന് ഉറപ്പു നൽകിയിരുന്നെങ്കിലും തുടർ നടപടിയായില്ല.
വിക്ടർ മരക്കാശേരി , എം. രാജഗോപാൽ, ജോസഫ് നരികുളം, ജോളി ജോസഫ്, ഫ്രാൻസിസ് അറക്കൽ, ജെയിംസ് തറമേൽ, ജോസി ചക്കാലക്കൽ, ആന്റണി പുന്നത്തറ, ടൈറ്റസ് പൂപ്പാടി, രതീഷ് ബാബു, റോസിലി ജോസഫ്, മണി തേങ്ങാത്തറ, സേവിയർ കെ. എ തുടങ്ങിയവർ സംസാരിച്ചു.