elect

കൊച്ചി: യു.ഡി.എഫ് സ്ഥാനാർത്ഥി ഉമാ തോമസ് ഇന്നലെ കലൂർ സ്റ്റേഡിയത്തിൽ പ്രഭാത നടത്തക്കാരോടൊപ്പം നടന്നാണ് പര്യടനം ആരംഭിച്ചത്. മക്കളായ വിഷ്ണുവും വിവേകും മരുമകൾ ബിന്ദുവും ഒപ്പമുണ്ടായിരുന്നു. ഹൈബി ഈഡൻ എം.പിയും ടി.ജെ.വിനോദ് എം.എൽ.എയും ഒപ്പം ചേർന്നു.
ചലച്ചിത്ര ഗാനരചയിതാവ് മാങ്കൊമ്പ് രാധാകൃഷ്ണനെയും സന്ദർശിച്ചു. വൈറ്റില,
പൊന്നുരുന്നി ശ്രീനാരായണേശ്വരം ക്ഷേത്രം, ജനത ജംഗ്ഷൻ, കച്ചേരിപ്പടി ആശിർ ഭവൻ, പൊന്നുരുന്നി പള്ളിപ്പടി പള്ളി, തൃക്കാക്കര, കാക്കനാട് പ്രദേശങ്ങളിൽ വോട്ടർമാരെ കണ്ടു.

 രാവിലെ ആറരയോടെ കാക്കനാട് നവോദയിൽ നിന്ന് ഇടതുമുന്നണി സ്ഥാനാർത്ഥി ഡോ.ജോ ജോസഫ് പര്യടനം ആരംഭിച്ചു. കുഴിക്കാല, ഇടച്ചിറ, കുസുമഗിരി, അത്താണി, കാക്കനാട്, നിലംപതിഞ്ഞമുകൾ, ചിറ്റേത്തുകര എന്നിവിടങ്ങളിൽ ഉച്ചവരെ വോട്ടഭ്യർത്ഥിച്ചു. കുസുമഗിരി മാനസികാരോഗ്യ കേന്ദ്രം, ചിറ്റേത്തുകര ജുമാ മസ്ജിദ് തുടങ്ങിയ സ്ഥലങ്ങളും സന്ദർശിച്ചു.

എൻ.ഡി.എ തിരഞ്ഞെടുപ്പ് കൺവെൻഷൻ ഇന്നലെയായതിനാൽ സ്ഥാനാർത്ഥി എ.എൻ.രാധാകൃഷ്ണൻ രാവിലെയും സന്ധ്യയ്ക്കും മാത്രമാണ് പര്യടനത്തിനിറങ്ങിയത്.

വെള്ളിയാഴ്ച രാവിലെ സംവിധായകൻ രഞ്ജിത്ത് ശങ്കറിനെ വാഴക്കാലയിലെ വീട്ടിൽ സന്ദർശിച്ചായിരുന്നു തുടക്കം. അഞ്ചുമനദേവീ ക്ഷേത്രത്തിൽ ദർശനം നടത്തി. വൈറ്റില ശ്രീരാമകൃഷ്ണ മഠാധിപതി സ്വാമി ഭുവനാത്മാനന്ദ, എസ്‌.എൻ.ഡി.പി യോഗം കണയന്നൂർ യൂണിയൻ കൺവീനർ എം.ഡി.അഭിലാഷ്, റിട്ട.ജസ്റ്റിസ് പദ്മനാഭൻ നായർ, മാതാ അമൃതാനന്ദമയി മഠം ജനറൽ സെക്രട്ടറി സ്വാമി പൂർണ്ണാമൃതാനന്ദപുരി തുടങ്ങിയവരെയും സന്ദർശിച്ചു.