മരട്: മരട് നഗരസഭയിലെ വിവിധ വാർഡുകളിൽ ഡെങ്കിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്ന് നഗരസഭയുടേയും നെട്ടൂർ, വളന്തകാട് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടേയും സംയുക്താഭിമുഖ്യത്തിൽ അടിയന്തര യോഗം വിളിച്ചുകൂട്ടി. നഗരസഭാ ചെയർമാൻ ആന്റണി ആശാൻപറമ്പിൽ അദ്ധ്യക്ഷനായി.
ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ചന്ദ്രകലാധരൻ, വൈസ് ചെയർപേഴ്സൺ അഡ്വ. രശ്മി സനിൽ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ പി.ഡി.രാജേഷ്, അജിത നന്ദകുമാർ, എച്ച്.എസ് ഷാജു, സജിത്ത്, ജെ.എച്ച്.ഐമാരായ ജിഷ തോമസ്, സ്വപ്ന, ആശാ പ്രവർത്തകർ എന്നിവർ സംബന്ധിച്ചു.
ഡെങ്കിപ്പനി പ്രതിരോധ പ്രവർത്തനങ്ങളുടെ മുന്നോടിയായി വീടുകളിൽ ബോധവത്കരണ നിർദ്ദേശങ്ങൾ ലഘുരേഖകളാക്കി വിതരണം ചെയ്യും. ആരോഗ്യ പ്രവർത്തകർ, റെസിഡന്റ്സ് അസോസിയേഷനുകൾ, സന്നദ്ധ സംഘടനാ പ്രവർത്തകർ എന്നിവരുടെ സഹായത്താൽ ബോധവത്കരണ പദ്ധതികൾ വിപുലമാക്കാനും യോഗം തീരുമാനിച്ചു.