thrikkakkara

കൊച്ചി: തൃക്കാക്കര നിയോജകമണ്ഡലത്തിന്റെ പേരിലെ യശസ്സിന് പിന്നിൽ വിശ്വപ്രസിദ്ധമായ തൃക്കാക്കര വാമനമൂർത്തി ക്ഷേത്രമാണെങ്കിലും ക്ഷേത്രസ്ഥാനം തൊട്ടടുത്തുള്ള കളമശേരി മണ്ഡലത്തിലാണ്. 2011ൽ തൃക്കാക്കര മണ്ഡല രൂപീകരണത്തിലും തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ ക്ഷേത്രം കളമശേരിയിൽ തന്നെ തുടർന്നു. ക്ഷേത്രത്തിനു മുന്നിലെ പുക്കാട്ടുപടി റോഡിന്റെ മറുവശം തൃക്കാക്കരയായി. കിഴക്കേ അതിരായ ടെമ്പിൾ റോഡുമുതൽ പ്രധാനറോഡിന്റെ ഇരുവശവും തൃക്കാക്കര മണ്ഡലമാണ്. യഥാർത്ഥത്തിൽ മണ്ഡലത്തിന്റെ ആസ്ഥാനം ജില്ലാ ഭരണകേന്ദ്രമായ, കളക്ടറേറ്റ് സ്ഥിതി ചെയ്യുന്ന കാക്കനാടാണ്. ഇവിടെയാണ് തൃക്കാക്കര മുനിസിപ്പാലിറ്റി ഓഫീസും. വില്ലേജ് ഓഫീസിനും കാക്കനാടെന്നാണ് പേര്. തൃക്കാക്കരയുടെ പേരിലുള്ള വില്ലേജ് ഓഫീസാകട്ടെ തൃക്കാക്കര നോർത്ത് എന്ന പേരിൽ ഇടപ്പള്ളിയിലും.

കഴിഞ്ഞ ദിവസം ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ ബി.ജെ.പി നേതൃയോഗത്തിൽ ക്ഷേത്രം മണ്ഡലത്തിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു. ഒരു പതിറ്റാണ്ട് മുമ്പ് തൃക്കാക്കര സാംസ്കാരിക സമിതിയുടെ പ്രസിഡന്റായിരുന്ന പോൾ മേച്ചേരി ഇതേ ആവശ്യവുമായി പോരാട്ടം നടത്തിയിട്ടുണ്ട്. അന്ന് അദ്ദേഹം തദ്ദേശ സ്വയംഭരണ വകുപ്പ് ഓംബുഡ്സ്മാന് നൽകിയ പരാതിയിൽ അനുകൂല തീരുമാനം ഉണ്ടായെങ്കിലും നടപ്പായില്ല. സെക്രട്ടേറിയറ്റിൽ ഹിയറിംഗിന് വിളിച്ചപ്പോൾ അന്നത്തെ മുനിസിപ്പാലിറ്റി അധികൃതർ ഹാജരായില്ലെന്ന് പോൾ മേച്ചേരി പറഞ്ഞു. അന്നത്തെ ജില്ലാ കളക്ടർ ഡോ.എം.ബീന അനുകൂലമായ റിപ്പോർട്ടും നൽകിയിരുന്നു.

ക്ഷേത്രത്തിലെ പ്രശസ്തമായ ഓണം മഹോത്സവത്തിനും തിരുവോണ സദ്യയ്ക്കും കളമശേരി മുനിസിപ്പാലിറ്റി എല്ലാ വർഷവും 10 ലക്ഷം സംഭാവന നൽകുന്നുണ്ട്. തൃക്കാക്കര മുനിസിപ്പാലിറ്റിയുടെ ഓണാഘോഷവും സമാപിക്കുന്നത് ക്ഷേത്രത്തിലാണ്.

കാൽ നൂറ്റാണ്ട് മുമ്പ് വരെ തൃക്കാക്കര എന്ന സ്ഥലനാമം പോസ്റ്റൽ വകുപ്പിന് പോലും ഇല്ലായിരുന്നു. ഇതുവഴി പോകുന്ന ബസുകൾക്ക് പോലും തൃക്കാക്കര എന്ന സ്റ്റോപ്പുണ്ടായിരുന്നില്ല. പകരം ക്ഷേത്രത്തിന് മുന്നിലെ സ്റ്റോപ്പിന് അമ്പലം എന്നായിരുന്നു പേര്. ഭാരതമാതാ കോളേജ് പി.ഒ എന്നാണ് ഇവിടുത്തെ പോസ്റ്റ് ഓഫീസ് അറിയപ്പെട്ടത്.

മഹാബലിക്ക് പോലും നാണക്കേടായ ഈ പ്രശ്നത്തിന് പരിഹാരം കാണാൻ 25 വർഷം മുമ്പ് ക്ഷേത്രത്തിന് സമീപം താമസിക്കുന്ന കൊച്ചി സർവകലാശാല അദ്ധ്യാപകനായ ഡോ.കെ.ശിവപ്രസാദാണ് മുന്നിട്ടിറങ്ങിയത്. അന്നത്തെ ഭാരതീയ വിചാര കേന്ദ്രം ഡയറക്ടർ പി.പരമേശ്വരൻ വഴി പോസ്റ്റ്‌ മാസ്റ്റർ ജനറലിന് പരാതി അയച്ചു. അങ്ങിനെ:

പോസ്റ്റൽ മാപ്പിൽ കൊച്ചി 682021 എന്ന
തൃക്കാക്കര പി.ഒ പിറന്നു!