മൂവാറ്റുപുഴ: ലഹരിമാഫിയ പിടിമുറുക്കിയ പായിപ്ര ഗ്രാമപഞ്ചായത്തിലെ പോയാലിമലയെ ലഹരിവിമുക്തമാക്കാൻ എക്സൈസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഇന്ന് വൈകിട്ട് 4.30ന് മലമുകളിൽ നാട്ടുകൂട്ടം നടക്കും. കഴിഞ്ഞകുറച്ച് നാളുകളായി പോയാലിമലയും പരിസരപ്രദേശങ്ങളും കേന്ദ്രീകരിച്ച് മയക്കുമരുന്ന് മാഫിയകൾ തമ്പടിച്ചിരിക്കുകയാണ്. പ്രദേശവാസികൾക്കും മലകാണാനെത്തുന്ന വിനോദസഞ്ചാരികൾക്കും ഭീഷണിയായതോടെ ലഹരിമാഫിയയെ അമർച്ച ചെയ്യുന്നതിന് നടപടിസ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി പരാതികൾ എക്സൈസ് വകുപ്പിന് ലഭിച്ചിരുന്നു. ഇതേത്തുടർന്നാണ് കഞ്ചാവ്, മയക്കുമരുന്ന് മാഫിയയ്ക്കെതിരെ എക്സൈസ് വകുപ്പ് നാട്ടുകൂട്ടവുമായി രംഗത്തുവരുന്നത്ത്. ജനപ്രതിനിധികൾ, രാഷ്ട്രീയ, സാമൂഹ്യ സാംസ്കാരിക മതനേതാക്കൾ എന്നിവർ നാട്ടുകൂട്ടത്തിൽ പങ്കെടുക്കും. നാട്ടുകൂട്ടത്തിൽനിന്ന് ഉരുത്തിരിയുന്ന നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ കർശനനടപടികൾ
സ്വീകരിച്ച് ലഹരിമാഫിയയെ തുരത്തുകയാണ് ലക്ഷ്യം.