എറണാകുളം സൗത്തിൽ ഇന്ന് കലാശക്കൊട്ട്
കൊച്ചി: തൃക്കാക്കരയുടെ താരത്തിളക്കത്തിൽ പ്രഭ മങ്ങിയെങ്കിലും കൊച്ചി കോർപ്പറേഷൻ 62- ാം ( എറണാകുളം സൗത്ത്) ഡിവിഷൻ ഉപതിരഞ്ഞെടുപ്പിന്റെ പരസ്യപ്രചരണം ഇന്ന് അവസാനിക്കും. കേന്ദ്രമന്ത്രി, എം.പി, എം.എൽ.എ, മേയർ തുടങ്ങിയവരുടെ സാന്നിദ്ധ്യംകൊണ്ട് ശ്രദ്ധേയമായിരുന്നു വാർഡ്. 17നാണ് പോളിംഗ്.
ബി.ജെ.പി കൗൺസിലർ മിനി ആർ. മേനോന്റെ മരണത്തെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ്. സീറ്റ് നിലനിറുത്താൻ ബി.ജെ.പിയും നാലു പതിറ്റാണ്ടിനിടെ ആദ്യമായി നഷ്ടപ്പെട്ട മണ്ഡലം തിരിച്ചുപിടിക്കാൻ യു.ഡി.എഫും തീപാറുന്ന പോരാട്ടത്തിലാണ്. എൽ.ഡി.എഫും ഇക്കുറി സർവശക്തിയും ഉപയോഗിക്കുന്നുണ്ട്.
രാഷ്ട്രീയത്തിനുപരി സാമുദായിക വോട്ടുകൾക്കാണ് വാർഡിൽ പ്രാധാന്യം. മേൽക്കോയ്മയുള്ള സമുദായങ്ങളിൽ സ്വാധീനമുള്ളവരാണ് എൻ.ഡി.എ, യു.ഡി.എഫ് സ്ഥാനാർത്ഥികൾ. സമീപകാലത്ത് ബി.ജെ.പിക്കുണ്ടായ സംഘടനാവളർച്ചയുടെ പ്രതിഫലനമാണ് 2020 ലെ തിരഞ്ഞെടുപ്പിൽ വിജയം സമ്മാനിച്ചത്.
നാലു ബൂത്തുകളിലായി 4,432 വോട്ടർമാരുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 1932 പേർ വോട്ടുചെയ്തു. അതിൽ 271 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എൻ.ഡി.എ വെന്നിക്കൊടി പാറിച്ചത്. എന്തുവിലകൊടുത്തും ഡിവിഷൻ നിലനിറുത്തുകയെന്ന ലക്ഷ്യത്തോടെ മഹിളാമോർച്ച ദേശീയ സെക്രട്ടറി പത്മജ. എസ്. മേനോനാണ് എൻ.ഡി.എ സ്ഥാനാർത്ഥിയായത്. 2021ൽ എറണാകുളം നിയമസഭമണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥിയായിരുന്നു പത്മജ. കൊച്ചി സ്മാർട്ട് സിറ്റി മിഷൻ മുൻ ഉദ്യോഗസ്ഥയും കർണാടക എൻ.ഐ.ടിയിൽ വൈസ് ചെയർപേഴ്സണുമായിരുന്ന അനിതാ വാര്യരാണ് യു.ഡി.എഫിന്റെ സ്ഥാനാർത്ഥി. ഡിവിഷനിൽ സ്വാധീനമുള്ള സമുദായങ്ങളുടെ പിന്തുണയും അക്കാഡമിക്ക് - മികവും അനിതയ്ക്ക് തുണയാകുമെന്നും അതിലൂടെ നഷ്ടപ്രതാപം തിരിച്ചുപിടിക്കാനാകുമെന്നുമാണ് യു.ഡി.എഫിന്റെ കണക്കുകൂട്ടൽ.
രാഷ്ട്രീയവും രണ്ടാംപിണറായി സർക്കാരിന്റെ ഭരണനേട്ടവും ഇടതുഭരണത്തിലുള്ള കോർപ്പറേഷന്റെ ഒന്നരവർഷത്തെ മികവും എടുത്തുപറഞ്ഞ് എസ്. അശ്വതിയെയാണ് എൽ.ഡി.എഫ് രംഗത്തിറക്കിയിരിക്കുന്നത്. കഴിഞ്ഞ വട്ടം രാഷ്ട്രീയേതര ജനകീയ മുന്നേറ്റമെന്ന പേരിൽ രൂപീകൃതമായ വി -4 -കൊച്ചിയുടെ സ്ഥാനാർത്ഥിയായിരുന്ന അശ്വതി. 208 വോട്ടും നേടി. മേയർ അഡ്വ. എം.അനിൽകുമാർ, ബിനോയ് വിശ്വം എം.പി തുടങ്ങിയ പ്രമുഖരും വാർഡിലെ പ്രചാരണത്തിൽ പങ്കാളികളായി. ഫ്ലാറ്റുകൾ ഉൾപ്പെടെ എല്ലാ വീടുകളിലും നേരിട്ടെത്തി വോട്ട് അഭ്യർത്ഥിക്കാനായി എന്നതാണ് മൂന്നുമുന്നണികളുടെയും ഏറ്റവും വലിയ പ്രതീക്ഷ.