മരട്: ദേശീയപാതയിൽ നെട്ടൂർ ഐ.എൻ.ടി.യു.സി ജംഗ്ഷന് സമീപമുള്ള അണ്ടർപാസിലെ റോഡിനിരുവശവും വീണ്ടും മാലിന്യം നിറയുന്നു . രാത്രിയുടെ മറവിൽ ചീഞ്ഞളിഞ്ഞ പച്ചക്കറി മുതൽ ഇറച്ചിക്കോഴി മാലിന്യം വരെ പ്ലാസ്റ്റിക് കവറുകളിലിട്ട് കൊണ്ടുവന്ന് തള്ളുകയാണ്. റോഡിലേക്ക് തെറിച്ച് വീഴുന്ന മാലിന്യക്കവറുകളിൽ വാഹനങ്ങൾ കയറി മാലിന്യം മുഴുവൻ റോഡിൽ ചതഞ്ഞരഞ്ഞ നിലയിലാണിപ്പോൾ. മഴയത്ത് വാഹനങ്ങൾ പോകുമ്പോൾ അണ്ടർപാസിലെ വെള്ളവുമായി കലർന്ന മാലിന്യം ഇരുചക്രവാഹന യാത്രികരുടേയും കാൽനടക്കാരുടേയും ദേഹത്തേക്ക് തെറിച്ചു വീഴുന്നു. ദുർഗന്ധവും സഹിക്കാൻ കഴിയുന്നില്ലെന്ന് നാട്ടുകാർ പറയുന്നു.
രാത്രികാലങ്ങളിലാണ് കാറുകളിലും മറ്റും മാലിന്യം കൊണ്ടുവന്ന് തള്ളുന്നത്. പാലത്തിന് മുകളിൽ നിന്ന് വലിച്ചെറിയുന്നവരും ഉണ്ട്. മാലിന്യങ്ങൾ കൊണ്ട് പൊറുതിമുട്ടിയ ജനങ്ങൾ മുമ്പ് മാലിന്യങ്ങൾ നീക്കം ചെയ്യുകയും വശങ്ങളിൽ പൂച്ചെടികൾ വച്ചുപിടിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ പിന്നീടും ഇത് തുടരുകയായിരുന്നു. മാലിന്യം തള്ളുന്നവരെ പിടികൂടി പിഴയടപ്പിക്കണം എന്നാണ് നാട്ടുകാരുടെ ആവശ്യം.