p

കൊച്ചി:പി.ടി. തോമസിനൊപ്പം പലവുരു കയറിയിറങ്ങിയ മഹാരാജാസ് കോളേജിലെ പിരിയൻ ഗോവണിക്ക് മുമ്പിൽ ഉമ തോമസ് വിതുമ്പി... മരുമകൾ ബിന്ദു കണ്ണുകൾ തുടച്ച് തോളിൽ തട്ടി ആശ്വസിപ്പിച്ചു...

മഹാരാജാസിൽ വീണ്ടും പോകണമെന്ന ആഗ്രഹം തൃക്കാക്കരയിൽ സ്ഥാനാർത്ഥിയായതു മുതൽ ഉമ അറിയിച്ചിരുന്നു. ഇന്നലെ രാവിലെ പ്രചാരണത്തിരക്കിനിടെയാണ് കോളേജിലെത്തിയത്.

മഹാരാജാസിൽ സുവോളജി ബിരുദത്തിനാണ് ഉമ പഠിച്ചത്. ഇവിടത്തെ വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെയാണ് പൊതുപ്രവർത്തനം ആരംഭിച്ചതും. കോളേജ് യൂണിയൻ കൗൺസിലറായി മത്സരിച്ചു. പിന്നീട് വൈസ് ചെയർപേഴ്‌സണായി. പി.ടി. തോമസിനെ വിവാഹം ചെയ്തതോടെ സജീവരാഷ്ട്രീയം വിട്ടു.

പഴയ ക്ലാസിൽ ഓർമ്മകളുമായി ഉമ അല്പനേരം ഇരുന്നു. ഒപ്പം മക്കളായ വിഷ്ണുവും വിവേകും മരുമകളും.

കെ.എസ്.യു നേതാവായിരുന്ന പി.ടിയെ ആദ്യം കാണുന്നത് മഹാരാജാസിൽ വന്നപ്പോഴാണ്. താൻ വേദിയിൽ പാട്ട് പാടുമ്പോഴാണ് പി.ടി. കയറിവന്നതെന്ന് വിശേഷങ്ങൾ മരുമകളോട് വിവരിക്കവേ ഉമ ഓർമ്മിച്ചു. പിന്നീടാണ് പ്രണയവും വിവാഹവും.

കോളേജിൽ സംഗമത്തിനെത്തിയ പൂർവ വിദ്യാർത്ഥികളുമായി കുശലം പറഞ്ഞ്, പഴയ വിദ്യാർത്ഥി നേതാവിന്റെ ഓർമ്മകൾ ഊർജമാക്കി ഉമ വീണ്ടും തിരഞ്ഞെടുപ്പ് തിരക്കുകളിലേക്ക് നീങ്ങി.