പറവൂർ: പുത്തൻവേലിക്കര പഞ്ചായത്തിലെ ഇളന്തിക്കര - കോഴിത്തുരുത്ത് മണൽബണ്ട് പൊട്ടി. ഇന്നലെ പുലർച്ച അഞ്ചരയോടെ ബണ്ടിന്റെ നടുഭാഗത്താണ് പൊട്ടിയത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ മഴയാണ് ബണ്ട് പൊട്ടാൻ കാരണം.
പെരിയാറിൽനിന്ന് ചാലക്കുടിയാറിലേക്ക് ഓരുജലം കയറുന്നത് തടയാനാണ് എല്ലാവർഷവും ബണ്ട് കെട്ടുന്നത്. ഓരുജലം കയറുന്നത് തടയാനുള്ള ശാശ്വതപരിഹാരമായി നിർമ്മിച്ച കണക്കൻകടവ് റഗുലേറ്റർ ബ്രിഡ്ജിലെ ഷട്ടറുകളുടെ ചോർച്ച കാരണമാണ് എല്ലാവർഷവും വലിയതുക മുടക്കി മണൽബണ്ട് കെട്ടേണ്ടിവരുന്നത്. മഴ നിൽക്കുന്നതിനാൽ ബണ്ട് പൊട്ടിയതുകൊണ്ട് വലിയപ്രശ്നം ഉണ്ടാകാനിടയില്ല. എന്നാൽ വരും ദിവസങ്ങളിൽ മഴമാറിനിന്നാൽ ഷട്ടറുകളുടെ വിടവിലൂടെ പെരിയാറിൽനിന്ന് ചാലക്കുടിയാറിൽ ഓരുജലമെത്താൻ സാദ്ധ്യതയുണ്ട്. അങ്ങനെ സംഭവിച്ചാൽ പഞ്ചായത്ത് ശുദ്ധജലക്ഷാമത്തിലാകും. കാരണം ചാലക്കുടിയാറിലെ വെള്ളം ശുദ്ധീകരിച്ചാണ് പഞ്ചായത്തിലെ വീടുകളിലേക്ക് എത്തിക്കുന്നത്. ഇത്തവണത്തെ മണൽബണ്ട് നിർമാണത്തിനെതിരെ വ്യാപകമായ വിമർശനമുയർന്നിരുന്നു. സമയം വൈകിയാണ് ബണ്ട് കെട്ടിയത്. സാധാരണ ഉപയോഗിക്കുന്ന തരത്തിലുള്ള ഡ്രഡ്ജർ ഉപയോഗിക്കാതെ ചെറിയ ഡ്രജ്ജർ ഉപയോഗിച്ചതിനാൽ ബണ്ടിന്റെ വീതി കുറവായിരുന്നു. ഉയർത്തിക്കെട്ടുന്നതിലും വശങ്ങൾ ബലപ്പെടുത്തുന്നതിലും അപാകതകൾ സംഭവിച്ചാതായി ആക്ഷേപമുയർന്നിരുന്നു. വേലിയേറ്റം, വേലിയിറക്കം, പുഴയുടെ ഒഴുക്ക് എന്നിവ കണക്കാക്കി റഗുലേറ്റർ കം ബ്രിഡ്ജിന്റെ ഷട്ടറുകൾ തുറക്കുകയും അടയ്ക്കുകയും ചെയ്യുന്നതിൽ അധികൃതർക്ക് വീഴ്ചയുണ്ടാകുന്നതായി നാട്ടുകാർ പറഞ്ഞു.
----------------------------
20ലക്ഷം രൂപയിലേറെമുടക്കി മേജർ ഇറിഗേഷൻ വകുപ്പാണ് ബണ്ട് നിർമ്മിച്ചത്. കഴിഞ്ഞ ഡിസംബർ 22നാണ് ബണ്ട് നിർമ്മാണം തുടങ്ങിയത്. ജനുവരി 17ന് ആദ്യഘട്ടം പൂർത്തിയായി. കഴിഞ്ഞവർഷം മേയ് 15ന് കനത്തമഴയിൽ ബണ്ട് പൊട്ടുകയുണ്ടായി.